വയനാട്; ദുരിതബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ ആളുകള്‍ക്ക് ഭക്ഷ്യവിഷ ബാധയും. കഴിഞ്ഞ ദിവസം മൂന്ന് പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്ന് ഒരാള്‍ക്ക് കൂടി ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടേണ്ടി വന്നിരുന്നു.
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുന്നമ്പറ്റയില്‍ താമസിക്കുന്ന സന ഫാത്തിമയാണ് വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി എത്തിയത്. കടുത്ത വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടാണ് സന ആശുപത്രിയിലെത്തിയത്. കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ നിന്ന് ലഭിച്ച കിറ്റില്‍ ഉണ്ടായിരുന്ന സോയാബീനില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. നിലവില്‍ സനയുടെ നില തൃപ്തികരമാണ്.
അതേസമയം, വിവാദം പുരോഗമിക്കുന്നതിനിടെ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ കളക്ടര്‍ മേപ്പാടി പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കാനും ഫുഡ് സേഫ്റ്റി അതോറിറ്റിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ പോരിനുള്ള മറ്റൊരു വിഷയമാക്കി കിറ്റ് വിവാദം നിലവില്‍ മാറിയിരിക്കുകയാണ്.