ഡല്‍ഹി: കാനഡ സ്വപ്‌നം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കം ഉപേക്ഷിക്കേണ്ടി വരുമെന്നാണ് കാനഡയിലെ പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. താമസ സൗകര്യങ്ങളും മറ്റ് വിഭവ സൗകര്യങ്ങള്‍ക്കുമുള്ള പ്രതിസന്ധി കാനഡയില്‍ രൂക്ഷമാവുകയാണ്. ഈ പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനായിട്ടാണ് അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം വിസ കാനഡ നിര്‍ത്തുന്നത്. ഇന്ന് മുതലാണ് വിസ നിര്‍ത്തിയത്. എന്നാല്‍ താല്‍ക്കാലികമാകാം ഈ തീരുമാനമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സ്‌കീമിന് കീഴില്‍ നവംബര്‍ 8 ന് ഉച്ചയ്ക്ക് 2 മണി വരെ ലഭിച്ച അപേക്ഷകള്‍ പ്രോസസ്സ് ചെയിതിരുന്നു, ഇതിന് ശേഷമുള്ള എല്ലാ അപേക്ഷകളും റെഗുലര്‍ സ്റ്റഡി പെര്‍മിറ്റ് സ്ട്രീമിന് കീഴിലാകും.
കാനഡയില്‍ പോയി പഠിക്കുകയും ജോലി വാങ്ങുകയും പിന്നീട് എളുപ്പത്തില്‍ പിആര്‍ സ്വന്തമാക്കാനൊക്കെ സാധിക്കുമെന്ന തിനാല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് തിരഞ്ഞെടുക്കുന്ന പ്രിയരാജ്യങ്ങളില്‍ ഒന്നാണ് കാനഡ. 2018ലാണ് ബ്രസീല്‍, ചൈന, കൊളംബിയ, കോസ്റ്റാറിക്ക, ഇന്ത്യ, മൊറോക്കോ, പാകിസ്ഥാന്‍, പെറു, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ള അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന അനുമതി അപേക്ഷകള്‍ വേഗത്തിലാക്കാന്‍ ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ നടപ്പിലാക്കിയത്.
ഈ പ്രോഗ്രാം നിര്‍ത്തലാക്കുന്നതോടെ ഇന്ത്യയില്‍ നിന്നും മറ്റ് 13 രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ദൈര്‍ഘ്യമേറിയ വിസ നടപടിക്രമങ്ങള്‍ നടത്തേണ്ടിവരുമെന്നത് വിദ്യാര്‍ത്ഥികളില്‍ ഏറെ ആശങ്കയുളവാക്കിയിട്ടുണ്ട്. കാനഡയില്‍ കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതാണ് ഇത്തരമൊരു നീക്കത്തിന് പ്രധാന കാരണമായി ട്രൂഡോ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.