തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് അവസാനഘട്ടത്തിലേക്ക്. ഇതുവരെയും മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് മസ്‌റ്ററിംഗ് പൂർത്തിയാക്കാൻ ഇനി വീട്ടിലിരുന്ന് തന്നെ കഴിയും. മൊബൈൽ ഫോൺ ഉപയോഗിച്ച് മസ്റ്ററിങ് നടത്താൻ കഴിയുന്ന പുതിയ ആപ്പിന്റെ സഹായം തേടാനാണ് നിർദ്ദേശം. മേരാ ഇ-കെവൈസി എന്ന ആപ് സംസ്ഥാനം ഉപയോഗിച്ച് തുടങ്ങി. ഈ ആപ്പ് മുഖേന മസ്‌റ്ററിംഗ് ചെയ്യാൻ അവസരം ഒരുക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
നാഷണൽ ഇൻഫോമാറ്റിക് സെന്റർ അഥവാ (എൻഐസി) വികസിപ്പിച്ചെടുത്ത ആപ്പാണ് ഇത്. പല റേഷൻ കടകൾക്ക് മുന്നിലും നീണ്ട ക്യൂവിനെ തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി തീയതി നേരത്തെ നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളം ആപിന്റെ സഹായം തേടുന്നത്.
ആപ്പ് ഉപയോഗിച്ച് വെറും അഞ്ച് സ്റ്റെപ്പുകളിലൂടെ റേഷൻ കാർഡ് മസ്റ്ററിങ് (e-KYC updation) പൂർത്തിയാക്കാൻ സാധിക്കും. എങ്ങനെ എന്ന് നോക്കാം.
ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും Aadhaar Face RD, Mera eKYC എന്നീ രണ്ട് ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. തുടർന്ന് മേരാ ഇ-കെവൈസി ആപ്പ് ഓപ്പൺ ചെയ്യുക. പിന്നീട് സംസ്ഥാനം തെരഞ്ഞെടുക്കുക. ആധാർ നമ്പർ എന്‍റർ ചെയ്യുകയെന്നാണ് നാലാമത്തെ സ്റ്റെപ്പ്. തുടർന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുന്ന ഒടിപി നൽകി ഫെയ്സ് കാപ്ച്ചർ വഴി മസ്റ്ററിങ് പൂർത്തിയാക്കാം.
അതേസമയം, ഈ സേവനം തികച്ചും സൗജന്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിനായി എന്തെങ്കിലും പ്രത്യേക ഫീസോ മറ്റോ ഈടാക്കുന്നതല്ല. മസ്റ്ററിങ് ഇതുവരെ ചെയ്യാത്ത ഗുണഭോക്താക്കൾക്ക് സേവനം താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തിരമാണ് ഇത് ലഭിക്കുക. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടണം.
മറ്റേതെങ്കിലും സ്ഥാപനമോ വ്യക്തികളോ ഫീസ് ഈടാക്കി റേഷൻ മസ്റ്ററിങ് നടത്തുന്നുണ്ടെങ്കിൽ ഇക്കാര്യം താലുക്ക് സപ്ലൈ ഓഫീസിലോ ജില്ലാ സപ്ലൈ ഓഫീസിലോ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലോ അറിയിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃ കമ്മീഷണർ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ഇതുവരെ 19,84,134 എഎവൈ കാർഡ് അംഗങ്ങളിൽ 16,75,686 പേരും, പിഎച്ച്എച്ച് വിഭാഗത്തിലുള്ള 1,33,92,566 അംഗങ്ങളിൽ 1,12,73,363 പേരും മസ്‌റ്ററിംഗ് പൂർത്തിയാക്കിയെന്നു സർക്കാർ വ്യക്തമാക്കി.
നവംബർ 30നുള്ളിൽ സംസ്ഥാനത്തെ മുഴുവൻ എഎവൈ, പിഎച്ച്എച്ച് ഗുണഭോക്താക്കളുടെയും മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് മന്ത്രി ജിആർ അനിൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.