നവകേരളയാത്രയ്ക്കിടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ച സംഭവത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും കോടതി ഉത്തരവിട്ടു. കേസ് തള്ളണമെന്ന റഫർ റിപ്പോർട്ട് കോടതി തള്ളി.
മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരാണ് പ്രവർത്തകരെ വളഞ്ഞിട്ട് മർദിച്ചത്. ക്രൈം ബ്രാഞ്ച് കേസ് പ്രതികൾക്ക് ക്ളീൻ ചിറ്റ് നൽകി കേസ് എഴുതി തള്ളണമെന്ന റിപ്പോർട്ട് കോടതിയിൽ നൽകുകയായിരുന്നു. മർദനത്തിനു തെളിവില്ലെന്ന് കാണിച്ച് കൊണ്ടാണ് ക്ലീൻ ചിറ്റ് നൽകിയത് . മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. നവകേരള യാത്രയ്ക്കിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ വച്ച് മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാർ വളഞ്ഞിട്ട് തല്ലിയത്.
കഴിഞ്ഞ ഡിസംബറിൽ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത് . നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കടന്നുപോകുമ്പോൾ മുദ്രാവാക്യം വിളിച്ച രണ്ട് യൂത്ത്‌കോൺഗ്രസ് പ്രവർത്തകരെയാണ് മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദിച്ചത്.
ബസ് കടന്നുപോകുമ്പോൾ പ്രതിഷേധിച്ച പ്രവർത്തകരെ അവിടെ ഉണ്ടായിരുന്ന പോലീസുകാർ കീഴ്‌പ്പെടുത്തിയിരുന്നു. എന്നാൽ, ബസിനുപിന്നാലെ വാഹനത്തിലെത്തിയ ഗൺമാൻമാർ ലാത്തികൊണ്ട് ഇവരെ ക്രൂരമായി മർദിക്കുകയായിരുന്നു. ഈ സമയം അവിടെയുണ്ടായിരുന്ന പോലീസുകാർ ആക്രമണം നോക്കിനിൽക്കുകയും പിന്നീട് ഇവർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അവിടെ നിന്ന് മാറ്റുന്നതുമായ ദൃശ്യങ്ങൾ മുഖ്യധാര മാധ്യമങ്ങളിലുൾപ്പെടെ ലൈവ് പോയിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലക്കടക്കം പരിക്കേറ്റിട്ടും കേസെടുക്കാൻ പോലീസ് തയാറായിരുന്നില്ല. പ്രവർത്തകർ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. എന്നാൽ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാൻ പോലീസ് തയാറായിരുന്നില്ല.
തുടർന്ന് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമുൾപ്പെടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടത്. എന്നാൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ വിളിച്ചുവരുത്തുന്നതിന് പകരം ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു. ഒടുവിലാണ് കോടതിയിൽ ഈ വിചിത്ര റിപ്പോർട്ട് സമർപ്പിച്ചത്.