മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് മോഹൻലാൽ വീണ്ടും എത്തില്ല. ഇനി ഭാരവാഹിയാകാൻ ഇല്ലെന്ന് മോഹൻലാൽ സഹപ്രവർത്തകരെ അറിയിച്ചു. ഭാരവാഹിത്വം ഏൽക്കേണ്ടെന്ന് സുഹൃത്തുക്കളും കുടുംബവും നിർബന്ധിച്ചതോടെയാണ് ഇത്തരമൊരു തീരുമാനം.
ഇനി ജൂണിലായിരിക്കും അമ്മ ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പും. പഴയ ഭരണസമിതി ഉടനെ വരുമെന്ന് മുൻ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല പറഞ്ഞിരുന്നു. സുരേഷ് ഗോപിയും ഈ വിധത്തിൽ സൂചന നൽകിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അമ്മയിൽ ഭരണസമിതിയുടെ കൂട്ടരാജിയുണ്ടായത്. 17 അംഗ നിർവാഹക സമിതിയെ പിരിച്ചുവിട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്നുള്ള സംഭവങ്ങൾ എല്ലാവർക്കും തുറന്നു സംസാരിക്കാനുള്ള അവസരമാണെന്നും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യെ മാത്രം ഇതിൽ ക്രൂശിക്കുന്നതു ശരിയല്ലെന്നും മോഹൻലാൽ പറഞ്ഞിരുന്നു. കൃത്യമായ തെളിവുണ്ടെങ്കിൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. കേരളത്തിൽനിന്ന് ഇതൊരു വലിയ പ്രസ്ഥാനമാകട്ടെ. ആയിരങ്ങൾ ജോലി ചെയ്യുന്ന മലയാള സിനിമ വ്യവസായത്തെ വിവാദങ്ങളിലൂടെ തകർക്കരുതെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
രാജിവെച്ചുകൊണ്ടുള്ള മോഹൻലാലിന്റെ വാർത്താകുറിപ്പ് ഇങ്ങനെയായിരുന്നു: ‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് സാമൂഹ്യ, ദൃശ്യ, അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണസമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടിവന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജിവെക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കും… ‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ഉണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.’