ഹിമാചല്‍പ്രദേശ്: മുഖ്യമന്ത്രിക്ക് വേണ്ടി കരുതിവച്ച സമൂസ കളവ് പോയ സംഭവത്തിൽ അന്വേഷണം. മുഖ്യമന്ത്രി സുഖ്വീന്ദര് സിംഗ് സുഖുവിനായി വാങ്ങിയ സമൂസയാണ് കാണാതായത്. ഒക്ടോബര്‍ 21നാണ് സംഭവമുണ്ടായത്. സര്‍ക്കാര്‍ വിരുദ്ധ നീക്കമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റേതാണ് തീരുമാനം. അന്വേഷണത്തിന്റെ ഭാഗമായി അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
പല കൈ മാറിമറിഞ്ഞാണ് സമൂസ പോയത്. മുഖ്യമന്ത്രിക്കുള്ളതായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഇത് ഒരു സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനമാണ് എന്നാണ് ഒരു സിഐഡി ഉദ്യോഗസ്ഥന് പറഞ്ഞത്.
ഹിമാചല്‍പ്രദേശ് പൊലീസ് ക്രമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ ഒരു യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ഈ യോഗത്തിനിടയില്‍ വച്ചാണ് മുഖ്യമന്ത്രിക്കായി വാങ്ങിവച്ചിരുന്ന സമൂസ കാണാതായത്. ലക്കാര്‍ ബസാറിലെ ഹോട്ടല്‍ റാഡിസണ്‍ ബ്ലൂവില്‍ നിന്ന് മൂന്ന് ബോക്സ് സമൂസകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് നല്‍കാനായി നോക്കിയപ്പോള്‍ ഒരെണ്ണം പോലും കാണാനില്ല.
മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് സമൂസ വിതരണം ചെയ്തത് എന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സര്‍ക്കാര്‍ വിരുദ്ധ നീക്കമാണിതെന്നും ചൂണ്ടിക്കാട്ടി സിഐഡി വിഭാഗം രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണവും ആരംഭിച്ചു.
ഐ.ജി റാങ്കിലുള്ള ഒരുദ്യോഗസ്ഥന് സബ് ഇന്‍സ്പെക്ടറോട് മുഖ്യമന്ത്രിക്ക് കഴിക്കാന്‍ എന്തെങ്കിലും വാങ്ങിക്കൊണ്ടു വരാന്‍ ആവശ്യപ്പെടുകയായിരുന്നു. എസ്.ഐ ആ ജോലി ഒരു എ.എസ്.ഐയെയും ഹെഡ് കോണ്‍സ്റ്റബിളിനെയും ഏല്‍പ്പിച്ചു. പായ്ക്ക് ചെയ്ത മൂന്ന് ബോക്സ് സമൂസ ഇവര്‍ കൊണ്ടുവരികയും എസ്.ഐയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.
ഡ്യൂട്ടിയിലുള്ള ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രിക്ക് സമൂസ കൊടുക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ അത് മെനുവില്‍ ഇല്ലെന്ന് അവര്‍ പറഞ്ഞുവെന്നാണ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന മറുപടി. എ.എസ്.ഐയും ഹെഡ് കോണ്‍സ്റ്റബിളും മുഖ്യമന്ത്രിക്കുള്ള സമൂസ ഒരു വനിത പൊലീസ് ഇന്‍സ്പെക്ടറെയാണ് ഏല്‍പ്പിച്ചത്. ഇവര്‍ ഇത് മെക്കാനിക്കല്‍ ട്രാസ്പോര്‍ട്ട് വിഭാഗത്തിലുള്ളവര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു എന്നാണ് വിവരം.