ഗതാഗത നിയമലംഘനം നടത്തിയതിന് 18,537 ലൈസൻസുകൾ സസ്പെൻ്റ് ചെയ്തെന്ന് ഗതാഗത മന്ത്രി മന്ത്രി കെ.ബി ഗണേഷ്കുമാർ. 2023 ജൂലൈ മുതൽ 2024 ജൂൺ മാസം വരെയുള്ള കണക്കാണിത്. 2023 ഒക്ടോബർ 1 മുതൽ 2024 സെപ്റ്റംബർ 30 വരെ ഗതാഗത നിയമ ലംഘനത്തിന് 62,81,458 കേസുകൾ എടുത്തിട്ടുണ്ടെന്നും ഇ ചെലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും കൂടുതൽ കേസുകൾ എടുത്തത് തിരുവനന്തപുരം ജില്ലയിൽ ആണ്. 11,21,876 കേസുകളാണ് തിരുവനന്തപുരം ജില്ലയിൽ എടുത്തത്. ഏറ്റവും കുറവ് ഗതാഗത നിയമലംഘനം നടന്നത് വയനാട് ജില്ലയിൽ ആണ്. 6053 കേസുകളാണ് വയനാട് ജില്ലയിൽ എടുത്തത്. 526.99 കോടി രൂപ ആണ് ഗതാഗത നിയമലംഘനത്തിന് പിഴയായി ലഭിക്കേണ്ടത്. കിട്ടിയത് 123.33 കോടിയും.
ലൈസൻസിന്റെ പ്രിന്റ് കോപ്പി കയ്യിൽ കരുതേണ്ടതില്ല
സംസ്ഥാനത്ത് യാത്ര ചെയ്യുമ്പോൾ ഇനി ഡ്രൈവിങ് ലൈസൻസിന്റെ പ്രിന്റ് കോപ്പി കയ്യിൽ കരുതൽ നിർബന്ധമില്ല. പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയിൽ ലൈസൻസിന്റെ മൊബൈൽ ഡിജിറ്റൽ പതിപ്പ് കാണിച്ചാൽ മതിയാകും.
ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. അപേക്ഷകർക്ക് എൻഐസി സാരഥിയിൽ കയറി എവിടെനിന്നു വേണമെങ്കിലും ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസിന്റെ പ്രിന്റ് എടുക്കാം. ഡിജിലോക്കറിൽ സൂക്ഷിച്ച ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് കോപ്പിയായാലും മതിയാകും.
ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസിനുള്ള ഫീസ് ഘടനയും ഉത്തരവിലുണ്ട്. പുതിയ ലേണേഴ്സ് ലൈസൻസിന് 150 രൂപയാണ് ഫീസ്, പുതിയ ഡ്രൈവിങ് ലൈസൻസ് നൽകുന്നതിന് 200 രൂപയും ഡ്രൈവിങ് ടെസ്റ്റിന് 300 രൂപയും ലേണേഴ്സ് പരീക്ഷാ ഫീസ് 50 രൂപയുമാണ്. നിലവിൽ പിവിസി കാർഡിലാണ് ഡ്രൈവിങ് ലൈസൻസും റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും നൽകുന്നത്. ഇത് ഡിജിറ്റൽ ആക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത കമ്മിഷണർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിറ്റലിലേക്കു മാറുന്നത്.