തിരുവനന്തപുരം: ചൂരല്‍മലയില്‍ ദുരിത ബാധിതര്‍ക്ക് പുഴുവരിച്ച അരിയുള്‍പ്പടെയുള്ള ഭക്ഷണ സാധനങ്ങള്‍ വയനാട് മേപ്പാടി പഞ്ചായത്ത് നല്കിയ സംഭവത്തില്‍ അന്വേഷണത്തിന് വിജിലന്‍സ് എത്തുന്നു. മുഖ്യമന്ത്രിയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക റിപ്പോര്‍ട്ട് വേഗം സമര്‍പ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ എന്ന് പരിശോധിക്കും. മാത്രമല്ല, പഞ്ചായത്തിന് ലഭിച്ച ഭക്ഷ്യധാന്യങ്ങള്‍ മാറ്റിയോ എന്നതും വിജിലന്‍സ് പരിശോധനയില്‍ ഉള്‍പ്പെടുത്തും.
കഴിഞ്ഞ ദിവസമാണ് ദുരിത ബാധിതര്‍ക്കായി വിതരണം ചെയ്ത അരി, റവ എന്നിവയുള്‍പ്പടെയുള്ള അഞ്ചോളം ഭക്ഷ്യ കിറ്റുക ളിലാണ് പുഴുവിനെ കണ്ടെത്തിയത്. മാത്രമല്ല, ദുരിതബാധിതര്‍ക്കായി നല്കിയ വസ്ത്രങ്ങളെല്ലാം ഉപയോഗിച്ചതായിരുന്നു വെന്നും ആരോപണം വന്നിരുന്നു. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നല്കിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതര്‍ക്ക് നല്‍കിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതര്‍ വിശദീകരണം നല്‍കിയത്.