ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും, താൻ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തുന്നതിനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് കമല ഹാരീസ്. തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവർ. പരാജയം സമ്മതിച്ച കമല ട്രംപിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു.
താൻ പരാജയപ്പെട്ടാലും വോട്ടിങ് ബൂത്തിലും കോടതികളിലും പൊതുമണ്ഡലത്തിലും പോരാട്ടം തുടരുമെന്ന് കമല ഹാരിസ് പറഞ്ഞു. അതേസമയം , കമല ഹാരിസ് നിശ്ചയദാർഢ്യത്തോടെ തന്റെ പോരാട്ടം തുടരുമെന്ന് ബൈഡൻ ആവർത്തിച്ചു. തിരഞ്ഞെടുപ്പിൽ ജയിച്ചിരുന്നേൽ ആദ്യ കറുത്ത വർഗക്കാരിയായ വനിതാ അമേരിക്കന്‍ പ്രസിഡൻ്റായി ചരിത്രം സൃഷ്ടിക്കാൻ കമലക്കാവുമായിരുന്നു. നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാർഥിത്വം മാറ്റിയായിരുന്നു ഡെമോക്രാറ്റുകൾ കമല ഹാരിസിനെ മത്സരത്തിനിറക്കിയത്.
ഗർഭച്ഛിദ്രവകാശം ഉൾപ്പെടെ ഉയർത്തിക്കാട്ടി സ്ത്രീപക്ഷ വോട്ട്ബാങ്ക് ലക്ഷ്യമിട്ട് കമല പ്രചാരണം നടത്തിയെങ്കിലും ഫലം കണ്ടില്ല. ജനകീയ വോട്ടെടുപ്പ് സർവെ ഫലങ്ങളിൽ ട്രംപും കമലയും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും രണ്ട് ഇംപീച്ച്മെൻ്റുകളും ശിക്ഷാവിധികളും മുൻ തിരഞ്ഞെടുപ്പ് പരാജയവും മറികടന്ന് ട്രംപ് വിജയം കാണുകയായിരുന്നു. പ്രസിഡന്റ് പദവിയിലെത്താൻ 270 ഇലക്ടറൽ വോട്ടുകൾ വേണ്ട സ്ഥാനത്ത് 226 സീറ്റുകൾ മാത്രമാണ് കമലക്ക് നേടാനായത്. ട്രംപ് 295 ഇലക്ടറൽ വോട്ടുകൾ നേടി ചരിത്ര വിജയമാണ് സൃഷ്ടിച്ചത്.