ന്യൂഡല്‍ഹി: കൊടും ക്രിമിനലുകളുടെ മുഖചിത്രമുള്ള പ്രിന്റഡ് ടീ ഷര്‍ട്ടുകള്‍ വില്‍പ്പനയ്‌ക്കെത്തിയ ഫ്‌ലിപ്കാര്‍ട്ട് ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ സൈറ്റുകള്‍ക്കെതിരെ പോലീസ് കേസ്. മഹാരാഷ്ട്ര സൈബര്‍ ക്രൈംബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെയും ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെയും ഫോട്ടോകളുള്ള ടീ-ഷര്‍ട്ടുകള്‍ ഫ്‌ലിപ്കാര്‍ട്ട്, അലിഎക്സ്പ്രസ്, ടീഷോപ്പര്‍, എറ്റ്സി എന്നിവയില്‍ വിറ്റിരുന്നുവെന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കം.
ഈ ഉല്‍പ്പന്നങ്ങള്‍ ക്രിമിനല്‍ ജീവിതശൈലിയെ മഹത്വ വല്‍ക്കരിക്കുമെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും യുവാക്കളെ പ്രതികൂലമായി ബാധിക്കുമെന്നും മഹാരാഷ്ട്ര സ്റ്റേറ്റ് സൈബര്‍ ഡിപ്പാര്‍ട്ട്മെന്റ് സ്പെഷ്യല്‍ ഇന്‍സ്പെക്ടര്‍ ജനറലിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
സുരക്ഷിതമായ ഡിജിറ്റല്‍ അന്തരീക്ഷം നിലനിര്‍ത്തുന്നതിനും പൊതു സമാധാനം തകര്‍ക്കുന്ന ഉള്ളടക്കം തടയുന്നതിനുമുള്ള മഹാരാഷ്ട്രയുടെ പ്രതിബദ്ധതയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.