പത്തനംത്തിട്ട: ശബരിമല തീർത്ഥാടകർക്ക് യാത്ര സുഗമമാക്കുന്നതിന് കെഎസ്ആര്‍ടിസി ബസുകളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം ഏർപ്പാടാക്കാനൊരുങ്ങി മന്ത്രി കെ ബി ഗണേഷ് കുമാർ. വെർച്യുൽ ക്യൂ ബുക്കിങ്ങിനൊപ്പമാണ് ഈ സേവനവും ലഭ്യമാകുക. ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ ബസ് ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിനൊപ്പമുണ്ടാകും.
ശബരിമല ഒരുക്കങ്ങളുടെ അവലോകനത്തിനു പമ്പ ശ്രീരാമ സാകേതം ഹാളില്‍ ചേർന്ന യോഗത്തിലാണ് ഗതാഗത വകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ തീരുമാനം. യാത്ര ചെയ്യുന്നതിന് 10 ദിവസം മുന്നേ ബുക്കിംഗ് ചെയ്യാവുന്നതാണ്. 40 പേരില്‍ കുറയാത്ത തീർത്ഥാടക സംഘത്തിനാണു ഈ അവസരം പ്രയോജനപ്പെടുത്താനാകുക. സ്‌റ്റേഷനില്‍ നിന്നും 10 കിലോമീറ്ററിനുള്ളിലുള്ള പ്രദേശങ്ങളാണെങ്കിൽ ബസ് അവിടെ ചെന്ന് ഭക്തരെ കയറ്റുമെന്ന് മന്ത്രി അറിയിച്ചു.
നിലയ്ക്കൽ ടോളിൽ ഫാസ്റ്റ് ടാഗ് സംവിധാനം ഏർപ്പെടുത്തും. ശബരിമലയിൽ എത്തുന്ന വാഹനങ്ങളുടെ കൃത്യമായ വിവരം ശേഖരിക്കും. തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തിൽ 383 ബസും രണ്ടാം ഘട്ടത്തിൽ 550 ബസുകളും ക്രമീകരിച്ചു. അര മിനിറ്റ് ഇടവിട്ട് 200 ബസുകൾ നിലയ്ക്കൽ- പമ്പ സർവീസ് നടത്തും. പമ്പയിൽനിന്ന് ആവശ്യത്തിനു ഭക്തർ ബസിൽ കയറിയാൽ പിന്നീട് നിലയ്ക്കലേക്ക് പോകാതെ നേരിട്ട് ലക്ഷ്യസ്ഥാനത്തേക്ക് തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മോട്ടോര്‍ വെഹിക്കള്‍ വകുപ്പിന്‍റെ 20 സ്‌ക്വാഡുകള്‍ 250 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തിലുണ്ടാകും. എന്തങ്കിലും അപകടം സംഭവിച്ചാല്‍ ഏഴ് മിനിറ്റിനുള്ളില്‍ സംഭവ സ്ഥലത്ത് എത്തും. അപകട രഹിത യാത്രയ്ക്കായി ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കുന്നതിനായി ആറു ഭാഷകളിലായി പ്രമോ വീഡിയോ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.