വാഷിങ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിനു പിന്നാലെ ഉന്നത ഉദ്യോഗസ്ഥരെയടക്കം നിയമിക്കാനുള്ള നീക്കങ്ങൾ ട്രംപ് ഉടൻ തുടങ്ങിയേക്കും. 277 ഇലക്ട്രൽ വോട്ട് നേടി വീണ്ടും ട്രംപ് അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്കെത്തുമ്പോൾ അമേരിക്കൻ ജനത ഉറ്റു നോക്കുന്നത് ആരൊക്കെ ട്രംപിന്റെ രണ്ടാം വരവിൽ ഉന്നത പദവികളിലെത്തും എന്നാണ്. ഇതിനിടെ ഇന്ത്യൻ വേരുള്ള കാശ്യപ് പട്ടേൽ എന്ന ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.
ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണത്തിൽ സുപ്രധാന സ്ഥാനങ്ങൾ വഹിച്ച ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു കശ്യപ് പ്രമോദ് എന്ന കാഷ് പട്ടേൽ. ട്രംപിന്റെ വിശ്വസ്തൻ എന്നാണ് പട്ടേലിനെ വിശ്വസിപ്പിക്കുന്നത്. ട്രംപിന്റെ ആദ്യ അവസരത്തിൽ അടിക്കടി സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥൻ. ട്രംപിന്റെ രണ്ടാംവരവിലും കാഷ് പട്ടേൽ സുപ്രധാന സ്ഥാനത്തെത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കാഷ് പട്ടേലിനെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ (സിഐഎ) തലവനാക്കിയേക്കുമെന്നാണ് സൂചന. പല കോണിൽ നിന്നും സിഐഎയുടെ തലവനായി കാഷ് പട്ടേലിന്റെ പേര് ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ഇതിന് സെനറ്റ് അംഗീകാരം അത്യാവശ്യമാണ്. സെനറ്റ് വോട്ടിൽ കാഷ് പട്ടേൽ പിന്തള്ളപ്പെട്ടാൽ അദ്ദേഹത്തിന് ദേശീയ സുരക്ഷാ കൗൺസിലിൽ സ്ഥാനം നൽകാനാണ് സാധ്യത. അതേസമയം ട്രംപിന്റെ ആദ്യ അവസരത്തിൽ പ്രതിരോധം, രഹസ്യാന്വേഷണം അടക്കമുള്ള ഉന്നതതലങ്ങളിൽ കാഷ് പ്രവർത്തിച്ചിരുന്നു.
കിഴക്കൻ ആഫ്രിക്കയിൽ നിന്ന് കാനഡവഴി അമേരിക്കയിലേക്ക് കുടിയേറിയ ഗുജറാത്തി വേരുള്ള കുടുംബമാണ് കാഷ് പട്ടേലിന്റേത്. ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിലാണ് കശ്യപിന്റെ ജനനം. സിഐഎയുടെ അടുത്ത ഡയറക്ടറായി പട്ടേലിനെ നിയമിക്കുന്നതിനായി നിരവധി ട്രംപ് സഖ്യകക്ഷികൾ പിന്തുണച്ചിട്ടുണ്ട്. എന്നിരുന്നാലും സെനറ്റ് സ്ഥിരീകരണത്തോടെ മാത്രമേ നിയമനം അന്തിമമാക്കാൻ കഴിയൂ. ഇതിന് സാധിച്ചില്ലെങ്കിൽ പട്ടേലിനെ ദേശീയ സുരക്ഷാ കൗൺസിൽ അംഗമായി നിയമിച്ചേക്കും.
ആദ്യ ട്രംപ് ഗവൺമെന്റിന്റെ കാലത്ത് നാഷണൽ ഇന്റലിജൻസ് ആക്ടിംഗ് ഡയറക്ടറുടെ പ്രിൻസിപ്പൽ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ച അദ്ദേഹം 17 ഇന്റലിജൻസ് കമ്മ്യൂണിറ്റി ഏജൻസികളുടെയും പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചു. കൊലപാതകം, മയക്കുമരുന്ന് കടത്ത് മുതൽ വിപുലമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ വരെ സങ്കീർണ്ണമായ നിരവധി കേസുകൾ അന്വേഷിക്കുന്നതിന് മേൽനോട്ടം വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് പട്ടേൽ.
യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഫൈൽ അനുസരിച്ച്, അൽ-ഖ്വയ്ദ, ഐഎസ്ഐഎസ്, മറ്റ് തീവ്രവാദ ഗ്രൂപ്പുകൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്ന കുറ്റവാളികളെ വിജയകരമായി വിചാരണ ചെയ്യുന്നത് പട്ടേൽ മേൽനോട്ടം വഹിച്ചു. നീതിന്യായ വകുപ്പിൽ തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ആദ്യ ട്രംപ് ഭരണകാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്നെങ്കിലുംകാശ്യപ് പട്ടേലിനെതിരെ വിമർശനങ്ങൾ ഉയർത്തുന്നവരും ചെറുതല്ല. പല സീനിയർ സുരക്ഷാ ഉദ്യോഗസ്ഥർക്കും അനഭിമതനാണ് ഇദ്ദേഹം.