ചെന്നൈ: പത്തുമാസം സംരക്ഷിച്ച കുട്ടികുരങ്ങിനെ കാണാനും ആരോഗ്യ നില പരിശോധിക്കാനും മൃഗ ഡോക്ടര്‍ നല്കിയ ഹര്‍ജിയില്‍ കോടതി വിധി പുറപ്പെടുവിച്ചു. ഇതോടെ കുരങ്ങിനെ കാണാന്‍ ഡോക്ടര്‍ക്ക് അനുമതി ലഭിച്ചു. ചെന്നൈയ്ക്ക് സമീപം വണ്ടലൂരിലെ അരിഗ്നാര്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്കിലാണ് ഇപ്പോള്‍ കുട്ടി കുരങ്ങ് കഴിയുന്നത്. ഇവിടേയ്ക്കാണ് ഡോക്ടര്‍ക്ക് ചികിത്സാനുമതി ലഭിച്ചിരിക്കുന്നത്.
ഡോ.വി.വള്ളയ്യപ്പന് 2023 ഡിസംബര്‍ 4 ന് മൃഗങ്ങള്‍ക്കായി ക്യാമ്പ് നടത്തിയപ്പോഴാണ് കുരങ്ങ് ഡോക്ടറിനടുത്ത് എത്തിയത്. റാണിപേട്ട് ജില്ലയിലെ ഷോളിംഗൂരില്‍ നായ്ക്കളുടെ കടിയേറ്റ് മാരകമായ മുറിവ് പറ്റി പക്ഷാഘാത അവസ്ഥയിലാണ് കുരങ്ങിനെ വനം വകുപ്പ് എത്തിച്ചത്. പിന്നീട് ഡോക്ടര്‍ ഇതിനെ പത്ത് മാസക്കാലം പരിചരിച്ചു.
പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് മൃഗശാലയില്‍ പാര്‍പ്പിച്ചു. എന്നാല്‍ പിന്നീട് ഡോക്ടര്‍ക്ക് കുട്ടി കുരങ്ങിനെ പരിശോധിക്കാന്‍ നിവേദനം നല്‍കിയിട്ടും ബന്ധപ്പെട്ട അധികാരികള്‍ അനുകൂല നടപടി സ്വീകരിച്ചില്ല. ഇതിനാലാണ് കുരങ്ങന് തുടര്‍ന്നും ചികിത്സ ആവശ്യമാണെന്ന് വാദിച്ച് ഡോക്ടര്‍ ഇടക്കാല കസ്റ്റഡിക്കായി ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലാണ് ജസ്റ്റിസ് സിവി കാര്ത്തികേയന് അനുകൂല ഉത്തരവിട്ടത്. വിഷയത്തില്‍ റിപ്പോര്‍ട്ട് നല്കാന് വനംവകുപ്പ് അധികൃതരോട് ജഡ്ജി നിര്‍ദേശിച്ചിട്ടുണ്ട്.