വാരാണസി: ജില്ലയിൽ വീടിനുള്ളിൽ അമ്മയെയും മൂന്ന് മക്കളെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 45 കാരിയായ സ്ത്രീയും മൂന്ന് മക്കളും ആണ് കൊല്ലപ്പെട്ടത്. ഇവർ കൊല്ലപ്പെട്ടതിന് മണിക്കൂറുകൾ പിന്നാലെ ഭർത്താവിന്റെ മൃതദേഹം നിർമ്മാണ കെട്ടിടത്തിൽ വെടിയേറ്റ് മുറിവേറ്റ നിലയിൽ കണ്ടെത്തി.
ഇയാൾ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതിനു പിന്നാലെ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മന്ത്രവാദിയുടെ നിർദേശ പ്രകാരമാണോ കൊലപാതകം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു.
വാരാണസിയിലെ ഭദൈനി പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രാജേന്ദ്ര ഗുപ്തയുടെ വീട് ഇന്നലെ രാവിലെ ഏറെ വൈകിയിട്ടും തുറക്കാതിരുന്നതോടെ വീട്ടുജോലിക്കാരി വീടിനുള്ളിൽ നോക്കുകയായിരുന്നു . നീതു (45), മക്കളായ നവേന്ദ്ര (25), ഗൗരംഗി (16), ശുഭേന്ദ്ര ഗുപ്ത (15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടത്.
കുടുംബ തർക്കമാണ് കൊലപാതകത്തിലേക്ക് നയിക്കാൻ കാരണമായതെന്ന് അയൽവാസികൾ പറഞ്ഞതായി പോലീസ് അറിയിച്ചു. രാജേന്ദ്ര ഗുപ്ത തൻ്റെ പിതാവിനെയും സഹോദരനെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്നാണ് റിപ്പോർട്ട്. രാജേന്ദ്ര ഗുപ്ത ജാമ്യത്തിലിറങ്ങിയാണ് കുടുംബത്തെ കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടക്കുമ്പോഴാണ് അമ്മയ്ക്കും മക്കൾക്കും വെടിയേറ്റതെന്നാണ് സൂചന.
പത്തോളം വീടുകൾ രാജേന്ദ്ര ഗുപ്തയ്ക്ക് സ്വന്തമായുണ്ട്. സ്വത്ത് തർക്കമാണോ കൊലപാതകത്തിന് കാരണമെന്ന് പോലീസ്അ അന്വേഷിച്ചു വരികയാണ് . രാജേന്ദ്ര ഗുപ്തയുടെ രണ്ടാം ഭാര്യയാണ് നീതു ഗുപ്ത. ഇവർ തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഒരു വർഷത്തിലേറെയായി ഇരുവരും വേറെയാണ് താമസം. ഗുപ്തയ്ക്ക് ചില അന്ധവിശ്വാസങ്ങൾ ഉണ്ടായിരുന്നതായും ഭാര്യയും മക്കളും അഭിവൃദ്ധിക്ക് തടസ്സമാണെന്ന മന്ത്രവാദിയുടെ ഉപദേശമനുസരിച്ചാണോ ഗുപ്ത കൊലപാതകം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു