തുടർ ഭരണം കിട്ടിയതോടെ കേരളത്തെയെടുത്ത് അമ്മാനമാടിയ സിപിഎമ്മിന് ഇത് തിരിച്ചടികളുടെ കാലമാണ്. അത് സിപിഎമ്മും ഇപ്പോൾ തിരിച്ചറിയുന്നു, സമ്മതിക്കുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം. സിപിഎം കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് കുറ്റസമ്മതം. ഒരു ദശാബ്ദത്തിനുള്ളില്‍ എല്‍ഡിഎഫിന് കേരളത്തില്‍ 7 ശതമാനം വോട്ട് നഷ്ടപ്പെട്ടുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 40.42% വോട്ട് വിഹിതമാണ് എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. എന്നാൽ 2024 ലെ തിരഞ്ഞെടുപ്പില്‍ അത് 33.35 ശതമാനമായി കുറഞ്ഞുവെന്നു സിപിഎം കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പറയുന്നു. 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിച്ച രാഷ്ട്രീയ അടവ് ലൈന്‍ ശരിയായിരുന്നുവെങ്കിലും നടപ്പാക്കുന്നതില്‍ വീഴ്ച പറ്റിയെന്നും കരട് രാഷ്ട്രീയ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
അടിസ്ഥാന വര്‍ഗത്തിന്റെ വിഷയങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പാര്‍ട്ടിക്കു ജാഗ്രതക്കുറവുണ്ടായി. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ പ്രധാന്യം കല്‍പ്പിക്കപ്പെട്ടതു രാഷ്ട്രീയ അടവ് നയത്തിനു തിരിച്ചടിയാണ്. തെലങ്കാന ഉള്‍പ്പെടെ വളരെ കുറച്ചു സംസ്ഥാനങ്ങളില്‍ മാത്രമാണു പ്രാദേശിക പ്രശ്‌നങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞതെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
പുതിയ തന്ത്രങ്ങൾക്കു ശേഷിയില്ലാതെ, പഴഞ്ചൻ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയുടെ സമരങ്ങൾ ചടങ്ങുകൾ മാത്രമായെന്നും വിമർശിക്കുന്ന കരട് രാഷ്ട്രീയ അവലോകന റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു എന്നതും ശ്രദ്ധേയം. കൂടാതെ പാർട്ടിയുടെ അടിത്തറ നഷ്ടപ്പെടുന്നതു തുടരുകയാണെന്നും കരട് രാഷ്ട്രീയ അവലോകന റിപ്പോർട്ടിലുണ്ട്. 2022 ഏപ്രിലിനുശേഷം 13 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടി മൽസരിച്ചു. എന്നാൽ ത്രിപുരയിലൊഴികെ ഒരിടത്തും ഒരു ശതമാനം വോട്ടുപോലും നേടാനായില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരു സീറ്റ് മാത്രമാണ് സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും സ്വതന്ത്രശക്തികൊണ്ട് നേടാനായത്. മറ്റു സംസ്ഥാനങ്ങളിൽ ഇടതുജയം സാധ്യമായത് ഇന്ത്യാമുന്നണിയിലെ കൂട്ടുകക്ഷികളുടെ സഹായത്താലാണ്. ഇടത് ഐക്യത്തിന് താൽപര്യമെടുക്കാത്തതു സിപിഐയാണെന്നും റിപ്പോർട്ടിൽ വിമർശിക്കുന്നു. അതിനാൽ തന്നെ നിരവധി മാർഗ നിർദ്ദേശങ്ങളും റിപ്പോർട്ടിൽ പറയുന്നുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെ മധ്യവര്‍ഗ വിഭാഗത്തെയും അടിസ്ഥാന വര്‍ഗത്തെയും പാര്‍ട്ടിയുമായി കൂടുതല്‍ അടുപ്പിക്കാനുള്ള നടപടികള്‍ ശക്തിപ്പെടുത്താനാണ് പാര്‍ട്ടിയുടെ നീക്കം.
തൊഴിലാളികളെയും കര്‍ഷകരെയും ആകര്‍ഷിക്കുന്നതിലൂടെ മാത്രമേ ഇതു സാധ്യമാകൂ. അത്തരക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കൂടുതല്‍ ചെലവഴിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിക്കണമെന്നും പാര്‍ട്ടി നിര്‍ദേശിച്ചു. കൂടാതെ പാർട്ടി പ്രാദേശികമായി വർഗ, ബഹുജന പ്രശ്നങ്ങൾ ഏറ്റെടുക്കണമെന്ന പറച്ചിൽ മാത്രമേയുള്ളു, എന്നാൽ പ്രവൃത്തിയില്ല. തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധിക്കുന്നത് പാർട്ടിയുടെ സ്വഭാവത്തെത്തന്നെ ബാധിക്കുന്നു. എല്ലാ തലത്തിലും പാർട്ടിയുടെ പ്രവർത്തന രീതി കൂടുതൽ ജനാധിപത്യപരവും പങ്കാളിത്ത സ്വഭാവമുള്ളതുമാകണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.