കൊച്ചി : ശിവകാർത്തികേയനെ നായകനാക്കി രാജ്‌കുമാർ പെരിയസ്വാമി സംവിധാനം ചെയ്ത ചിത്രം “അമരൻ” തിയറ്ററിൽ നിറഞ്ഞ സദസ്സില്‍ മുന്നേറുകയാണ്. ചിത്രം റിലീസായി വെറും ആറ് ദിവസത്തിനുള്ളിൽ തന്നെ ശിവകാർത്തികേയന്റെ കരിയറിലെ ബെസ്റ്റ് ചിത്രമായി അമരൻ മാറിയിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ ദിവസം ചിത്രം ഇന്ത്യന്‍ കളക്ഷനില്‍ 100 കോടി പിന്നിടുകയുണ്ടായി.
വരും ദിവസങ്ങളിലും ചിത്രം തിയറ്ററിൽ ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. കാരണം തിയറ്റർ വിട്ടിറങ്ങുന്ന ഓരോ പ്രേക്ഷകരും നിറകണ്ണുകളോടെയാണ് ഇറങ്ങുന്നത്. അതേസമയം, ആറുദിവസത്തില്‍ ആഗോള ബോക്സോഫീസില്‍ ചിത്രം 164 കോടി കളക്ഷന്‍ നേടിയെന്നാണ് ട്രക്കർമാർ പറയുന്നത്. ഇത് നോക്കുകയാണെങ്കിൽ ധനുഷ് സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം രായന്‍റെ ലൈഫ് ടൈം കളക്ഷന്‍ ശിവകാർത്തികേയന്റെ അമരൻ ഒരാഴ്ചക്കുള്ളിൽ തന്നെ മറികടന്നിരിക്കുകയാണ്. അതിനാൽ തന്നെ വിജയ്, അജിത്, രജനികാന്ത്, കമൽഹാസൻ എന്നിവർക്കൊപ്പം ശിവകർത്തികേയനും ബിഗ് ലീഗിലേക്ക് കടക്കുമെന്നാണ് സൂചന.
അതേസമയം, ശിവകാർത്തികേയനെ സിനിമയിലേക്ക് എത്തിച്ചത് ധനുഷാണെന്നാണ് പലപ്പോഴും വിശേഷിപ്പിക്കാറുള്ളത്. ധനുഷിന്‍റെ 3യില്‍ ശിവകാർത്തികേയൻ സഹതാരമായി അഭിനയിച്ചിരുന്നു. ശിവകാര്‍ത്തികേയന്‍റെ വന്‍ ഹിറ്റായ എതിര്‍നീച്ചല്‍ നിര്‍മ്മിച്ചതും ധനുഷ് തന്നെയാണ്. അതിനാൽ തന്നെ അതെ ധനുഷിന്റെ ചിത്രത്തെ ശിവകാർത്തികേയൻ ചിത്രം മറികടന്നത് വമ്പൻ നേട്ടമായാണ് തമിഴ് സിനിമാലോകം നോക്കി കാണുന്നത്.