
മോഹൻലാലിൻറെ പുതിയ ചിത്രത്തിൽ പ്രേമലു ഫെയിം സംഗീത് പ്രതാപ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അമൽ ഡേവിസായിയെത്തി ആരാധകരുടെ മനം കവർന്ന സംഗീത് അടുത്തതായി അഭിനയിക്കുന്നത്. സിനിമയിൽ മുഴുനീള വേഷത്തിലാകും സംഗീത് എത്തുകയെന്നാണ് പുറത്തുവരുന്ന വിവരം.

‘‘മനസ്സിനക്കരെ എന്ന സിനിമ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു കുട്ടിയിൽ നിന്നും അദ്ദേഹത്തിന്റെ അടുത്ത യാത്രയിൽ ഒപ്പം ചേരുന്നതുവരെ. സത്യൻ അന്തിക്കാട്, സ്നേഹം മാത്രം. അഖിൽ സത്യനും അനൂപ് സത്യനും നന്ദി.’’ എന്നാണ് സത്യൻ അന്തിക്കാടിനും അഖില്‍ സത്യനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംഗീത് കുറിച്ചത്.

സംഗീതിന്റെ കരിയറിലെ മറ്റൊരു പ്രധാനപ്പെട്ട സിനിമയായിരിക്കും ഇതെന്നാണ് സൂചന. ചിത്രത്തിന്റെ കഥയും സത്യൻ അന്തിക്കാടിന്റേത് തന്നെയാണ്. ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിനു തിരക്കഥ എഴുതുന്നത് സോനു ടി.പി ആണ്. കൊച്ചി, പൂണൈ എന്നിവിടങ്ങളിലാകും ചിത്രീകരണം നടക്കുക.