Kerala

1630 കോടി രൂപ തട്ടിയെടുത്ത ഭാര്യയ്ക്കും ഭർത്താവിനുമായി വല വിരിച്ച് ഇഡി; ‘ഹൈ റിച്ച്’ ദമ്പതികൾ രക്ഷപ്പെട്ടത് ഇഡി വാഹനവ്യൂഹത്തിന്റെ മുന്നിലൂടെ

തൃശ്ശൂർ: 1630 കോടി രൂപയുടെ ഹൈ റിച്ച് നിക്ഷേപത്തട്ടിപ്പു കേസിൽപ്പെട്ട കമ്പനിയിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തെ വെട്ടിച്ചു കടന്ന മുഖ്യപ്രതികളെ കണ്ടെത്താൻ പൊലീസിന്റെ സഹായത്തോടെ ഇ.ഡി സംസ്ഥാനമെങ്ങും അന്വേഷണം ആരംഭിച്ചു. ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ വലിയാലുക്കൽ കോലാട്ട് കെ.ഡി.പ്രതാപൻ, ഭാര്യയും സിഇഒയുമായ കാട്ടൂക്കാരൻ ശ്രീന എന്നിവരാണു ഡ്രൈവർക്കൊപ്പം കാറിൽ പോയത്.

സായുധസേനയ്ക്കൊപ്പമെത്തിയ ഇ.ഡി സംഘത്തിന്റെ വാഹനവ്യൂഹത്തിനു മുന്നിലൂടെ ഇവർ അതിവേഗം കടന്നുകളഞ്ഞെന്നാണു സൂചന. എന്നാൽ, തങ്ങൾ എത്തുന്നതിനു മുൻപു തന്നെ റെയ്ഡ് വിവരമറിഞ്ഞ് ഇവർ രക്ഷപ്പെട്ടെന്നാണു ഇ.ഡി ഉദ്യോഗസ്ഥരിൽനിന്നു ലഭിച്ച വിവരം. കണിമംഗലം വലിയാലുക്കലിലെ പ്രതാപന്റെ വീട്ടിലും ചേർപ്പ് വല്ലച്ചിറ ഞെരുവിശേരിയിലെ ഹൈ റിച്ച് കമ്പനി ആസ്ഥാനത്തുമായിരുന്നു രാവിലെ പത്തോടെ ഇ.ഡി റെയ്ഡിനെത്തിയത്. അതീവ രഹസ്യമായാണു റെയ്ഡ് ആസൂത്രണം ചെയ്തതെങ്കിലും വിവരം ചോർന്നതു തിരിച്ചടിയായി.

തട്ടിപ്പിന്റെ വ്യാപ്തി 1,630 കോടി രൂപയാണെന്നു ചേർപ്പ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നെങ്കിലും 100 കോടി രൂപ ഹവാല വഴി വിദേശത്തേക്കു കടത്തിയെന്ന വിവരമാണ് ഇ.ഡി അന്വേഷിക്കുന്നത്.ജിഎസ്ടി വെട്ടിപ്പു മാത്രമെന്ന വാദമുയർത്തി പ്രതാപനും ശ്രീനയും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും 1.63 ലക്ഷം നിക്ഷേപകരിൽ നിന്നായി 1,630 കോടി തട്ടിയെന്ന പൊലീസ് റിപ്പോർട്ട് പുറത്തുവന്നതാണു നിർണായകമായത്. എഴുപതോളം കടലാസ് കമ്പനികൾ നടത്തിയെന്നും ഇതിൽ 14 കമ്പനികൾ തൃശൂരിലാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *