രാജ്യാന്തര ബഹിരാകാശ നിലയം അഥവാ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ (ഐഎസ്എസ്) അതിന്റെ ആയുസിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. 2031ൽ ഐഎസ്എസ് ഭൂമിയിൽ തിരിച്ചിറക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നു. ഇതോടെ ഏക ബഹിരാകാശ നിലയമെന്ന പെരുമ സ്വന്തമാക്കാനൊരുങ്ങുകയാണ് ചൈന.
ഇങ്ങനെ സംഭവിച്ചാൽ ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളുടേയും ഗവേഷണങ്ങളുടേയുമെല്ലാം കേന്ദ്രമായി ചൈനയുടെ ടിയാങ്കോങ് ബഹിരാകാശ നിലയം മാറും. പുനരുപയോഗിക്കാവുന്ന മെങ്‌സൗ ബഹിരാകാശ പേടകം, സുൻടിയാൻ ടെലസ്‌കോപ് എന്നിങ്ങനെയുള്ള കൂടുതൽ ഭാഗങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് ബഹിരാകാശ നിലയത്തിന്റെ സൗകര്യങ്ങൾ വിപുലപ്പെടുത്താനും ചൈനക്ക് നിലവിൽ പദ്ധതിയുണ്ട്.
നിലവിൽ ഭൂമിയെ വലം വച്ചുകൊണ്ടിരിക്കുന്ന രണ്ട് ബഹിരാകാശ നിലയങ്ങൾ നമുക്കുണ്ട്. അമേരിക്കയുടെ നേതൃത്വത്തിലുള്ള രാജ്യാന്തര ബഹിരാകാശ നിലയവും ചൈനയുടെ ടിയാങ്കോങ് ബഹിരാകാശ നിലയവും(ടിഎസ്എസ്).
അമേരിക്കയുടെ നേതൃത്വത്തിലുള്ള രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ നിർമാണത്തിലും ഗവേഷണങ്ങളിലും ചൈനയെ പണ്ടുമുതലേ ഉൾപ്പെടുത്തിയിരുന്നില്ല. അമേരിക്കയുടെ (നാസ) ജപ്പാന് (ജാക്‌സ), കാനഡയുടെ (സിഎസ്എ), റഷ്യയുടെ (റോസ്‌കോസ്‌മോസ്), യൂറോപ്യൻ ബഹിരാകാശ ഏജൻസി എന്നിവരായിരുന്നു അന്താരാഷ്ട്ര സ്പേസ് സെന്ററിലെ പ്രധാന പങ്കാളികൾ.
ഐഎസ്എസിൽ നിന്നു അമേരിക്ക ചൈനയെ ഒഴിവാക്കിയതോടെയാണ് ചൈന സ്വന്തം നിലയ്ക്ക് ആരംഭിച്ച ബഹിരാകാശ നിലയമാണ് ടിയാങ്കോങ്. ചൈന മാൻഡ് സ്‌പേസ് എജൻസിയാണ് ടിയാങ്കോങിന്റെ നിർമാണത്തിനും പരിപാലനത്തിനും പിന്നിൽ.
ബഹിരാകാശത്തെ വൻശക്തിയാവാൻ അമേരിക്കയുമായി നേരിട്ട് എതിരിടുന്ന ഒരേയൊരു രാജ്യമായി ചൈന ഇതോടെ മാറി കഴിഞ്ഞു. ഉപഗ്രഹങ്ങൾ കൂടുതൽ വിക്ഷേപിക്കുന്നതിലും ചാന്ദ്ര ഗവേഷണ കേന്ദ്രത്തിലും ബഹിരാകാശ നിലയത്തിലുമെല്ലാം അമേരിക്കയ്ക്ക് മെയ്ഡ് ഇൻ ചൈനയുടെ മറുപടിയുണ്ട്.
മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാനും ചന്ദ്രനിൽ കേന്ദ്രം സ്ഥാപിക്കാനുമെല്ലാം ചൈന വെല്ലുവിളിയാണെന്ന് അമേരിക്കൻ രഹസ്യാന്വേഷണ സംവിധാനങ്ങൾ മുന്നറിയിപ്പു നൽകുന്നു. ചൈനയുടെ വലിയ നേട്ടമെന്നാണ് ഷെൻഷു 19 എന്ന പുതിയ ധൗത്യം.
ഷെൻഷു 19
ടിയാങ്കോങ് ബഹിരാകാശ നിലയത്തിലേക്കുള്ള ഏറ്റവും പുതിയ മനുഷ്യ ദൗത്യമായ ഷെൻഷു 19 ഇക്കഴിഞ്ഞ ഒക്ടോബർ 29നാണ് വിക്ഷേപിച്ചത് . വിക്ഷേപണം നടന്ന് ആറര മണിക്കൂറിനു ശേഷം ചൈനീസ് സംഘം ടിയാങ്കോങ് ബഹിരാകാശ നിലയത്തിൽ വിജയകരമായി ഘടിപ്പിക്കുകയും ചെയ്തു.
ചൈനയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി അടക്കം മൂന്ന് സഞ്ചാരികളെയാണ് ഷെൻഷു 19ന്റെ ഭാഗമായി ടിയാങ്കോങിൽ എത്തിച്ചത്. ലോങ് മാർച്ച് 2എഫ് റോക്കറ്റിലായിരുന്നു വിക്ഷേപണം. ആറു മാസം ബഹിരാകാശത്ത് കഴിയുന്ന ഈ മൂവർ സംഘം 86 ഓളം ബഹിരാകാശ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തും.
ഏറെക്കാലം മനുഷ്യർക്ക് ബഹിരാകാശ നിലയമെന്നാൽ ഐഎസ്എസ് മാത്രമായിരുന്നു. എന്നാൽ ഇന്ന് ആ നില മാറി. എങ്കിലും ആദ്യ ബഹിരാകാശ നിലയമെന്ന നിലയിൽ നിരവധി നേട്ടങ്ങൾ ഐഎസ്എസിന് മാത്രമായുണ്ട്. 1998 നവംബറിലാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ ആദ്യ ഭാഗം റഷ്യൻ റോക്കറ്റിൽ ബഹിരാകാശത്തെത്തുന്നത്.
അമേരിക്കയുടെ എതിർപ്പിനെ തുടർന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ചൈന അതേ നാണയത്തിലല്ല പ്രതികരിക്കുന്നത്. സ്വന്തം നിലയ്ക്ക് നിർമിച്ച ടിയാങ്കോങ് ബഹിരാകാശ നിലയത്തെ തങ്ങളുടെ ബഹിരാകാശ നേട്ടങ്ങളുടെ പ്രദർശനശാലയായി കൂടിയാണ് ചൈന കാണുന്നത്. മറ്റു രാജ്യങ്ങളിലെ ബഹിരാകാശ സഞ്ചാരികളേയും ഗവേഷണ ദൗത്യങ്ങളേയും സ്വാഗതം ചെയ്യുന്നുവെന്നാണ് ചൈന അറിയിച്ചിട്ടുള്ളത്.
നിലവിൽ രാജ്യാന്തര ബഹിരാകാശ നിലയത്തോളം വലുപ്പമുള്ള നിലയമല്ല ടിയാങ്കോങ്. ഐഎസ്എസിന്റെ അഞ്ചിലൊന്ന് വലുപ്പം മാത്രമാണ് ടിയാങ്കോങിനുള്ളത്. എങ്കിലും ഇതിനകം തന്നെ നിരവധി ശാസ്ത്രപരീക്ഷണങ്ങൾ ടിയാങ്കോങിൽ വിജയകരമായി നടത്താൻ ചൈനക്ക് സാധിച്ചിട്ടുണ്ട്.
ആശങ്കകൾ
എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്ന് ചൈന പറയുമ്പോഴും ടിയാങ്കോങ് ബഹിരാകാശ നിലയത്തിലേക്ക് ഏതെല്ലാം വിദേശ രാജ്യങ്ങൾ ഇവിടേക്കെത്തുമെന്ന് കണ്ടറിയേണ്ടി വരും.
പാകിസ്താൻ പോലെ ചൈനയുമായി വലിയ അടുപ്പം കാത്തു സൂക്ഷിക്കുന്ന രാജ്യങ്ങളിൽ നിന്നു ബഹിരാകാശ സഞ്ചാരികളെ ടിയാങ്കോങിലേക്ക് കൊണ്ടുപോവാനുള്ള സാധ്യത ഏറെയാണ്. സുഹൃദ് രാജ്യങ്ങളിൽ നിന്നും ബഹിരാകാശ സഞ്ചാരികളെ പരിശീലിപ്പിച്ച് ടിയാങ്കോങിലേക്ക് കൊണ്ടുവരുമെന്ന് ചൈന മാൻഡ് സ്‌പേസ് ഏജൻസി വക്താവ് ലിൻ സിക്വിയാങ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കുറഞ്ഞത് പത്തുവർഷം ആയുസുണ്ട് ടിയാങ്കോങ് ബഹിരാകാശ നിലയത്തിന്. അതുകൊണ്ടുതന്നെ 2031ൽ ഐഎസ്എസ് വിട പറഞ്ഞു കഴിഞ്ഞാൽ പിന്നീടുള്ള വർഷങ്ങളിൽ ഏക മനുഷ്യ നിർമിത ബഹിരാകാശ നിലയമായി തുടരാൻ ചൈനക്ക് സാധിക്കും. അതേസമയം ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ സ്വന്തം ബഹിരാകാശ നിലയമെന്ന സ്വപ്‌നവുമായി മുന്നോട്ടു പോവുന്നുണ്ട്.