കേരളത്തിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ഉയരുന്നു; സ്ഥലം വിട്ടുനൽകി ദേവീക്ഷേത്രം

തിരുവനന്തപുരം, ഇടുക്കി, വയനാട് എന്നിവിടങ്ങളിലാണ് നിലവിൽ കെസിഎക്ക് സ്വന്തം സ്റ്റേഡിയങ്ങളുള്ളത്.

kerala cricket stadium

കേരളത്തിലെ കായിക മേഖലയുടെ മുഖം മാറുകയാണ്. ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെയുള്ള വമ്പൻ കായിക പദ്ധതിക്ക് തയ്യാറെടുത്ത് കേരള ക്രിക്കറ്റ് അസോസിയേഷൻ. പാലക്കാട് ജില്ലയിലാണ് 21 ഏക്കർ സ്ഥലത്ത് കെസിഎയുടെ പദ്ധതികൾ നടക്കുന്നത്.

മലബാർ ദേവസ്വത്തിന്റെ കീഴിലുള്ള ചാത്തൻകുളങ്ങര ദേവീക്ഷേത്ര ട്രസ്റ്റാണ് സ്റ്റേഡിയം നിർമിക്കാൻ സ്ഥലം വിട്ടുനൽകുക. രണ്ട് ഗ്രൗണ്ടുകൾ, ഫ്‌ളഡ് ലൈറ്റ് സൗകര്യം, ക്ലബ്ബ് ഹൗസ്, ബാസ്‌കറ്റ് ബോൾ കോർട്ട്, ഫുട്‌ബോൾ ഗ്രൗണ്ട് എന്നിവയുൾപ്പെടെയുള്ള പദ്ധതിയാണ് നടപ്പിലാക്കുക.

30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാട്ടക്കരാർ അടിസ്ഥാനത്തിൽ 33 വർഷത്തേക്കാണ് ഭൂമി വിട്ടുനൽകുന്നത്. പത്ത് ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും വർഷംതോറും 21,35,000 രൂപയും കെസിഎ ക്ഷേത്രത്തിന് നൽകും. പദ്ധതിയുടെ ഭാഗമായിട്ടുള്ള ജോലികളിൽ പ്രദേശവാസികൾക്കാകും മുൻഗണനയെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.

2025 ജനുവരിയോടെ നിർമാണ പ്രവർത്തനം ആരംഭിക്കും. ആദ്യഘട്ട നിർമാണം 2026 ന് പൂർത്തിയാക്കാനാണ് തീരുമാനം. രണ്ടാം ഘട്ടം 2027 ഏപ്രിൽ മാസത്തോടെ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

അടുത്ത മാസം തന്നെ പദ്ധതി സംബന്ധിച്ച് കരാർ ഒപ്പിടാനാണ് തീരുമാനം. മുമ്പ് 2018ൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഇതേ പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ചയും മറ്റ് നടപടിക്രമങ്ങളും ആരംഭിച്ചുവെങ്കിലും കൊവിഡ് മഹാമാരി വ്യാപിച്ചതിനെ തുടർന്നുള്ള ലോക്ഡൗണിൽ ഇത് മുടങ്ങിയിരുന്നു.

ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കേരള ക്രിക്കറ്റ് അസോസിയേഷൻ മത്സരങ്ങളും സംഘടിപ്പിക്കാവുന്ന മാനദണ്ഡങ്ങളിലായിരിക്കും സ്റ്റേഡിയം നിർമിക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments