പാലക്കാട്: സാധാരണ കോൺഗ്രസ് ബിജെപി മത്സരം ശക്തമാകുന്ന സ്ഥലമാണ് പാലക്കാട്. പക്ഷേ ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ഒരു പ്രതീക്ഷപോലും വേണ്ട എന്ന നിലയിലാണ് തിരഞ്ഞെടുപ്പ് സാഹചര്യം. കൊടകര കുഴൽപ്പണക്കേസും, പാർട്ടി നേതാക്കളുടെ പാർട്ടി വിടലും എല്ലാം കൂടെ, തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ തന്നെ കനത്ത തിരിച്ചടിയാണ് ബിജെപിയ്ക്ക് ലഭിക്കുന്നത്.
ഇന്ന് പാലക്കാട് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡണ്ട് പാർട്ടി വിട്ടതായി റിപ്പോർട്ട് വന്നിരുന്നു. ഒറ്റപ്പാലം മണ്ഡലത്തിലെ 2001 ൽ സ്ഥാനാർത്ഥിയായ കെപി മണികണ്ഠനാണ് അംഗത്വം പുതുക്കാതെ ബിജെപി വിട്ടത്. പാർട്ടി വിട്ടതിന് പിന്നാലെ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിയായ സി കൃഷ്ണകുമാറിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയിരിക്കുകയാണ് കെ.പി മണികണ്ഠൻ.
പുറത്തു പറയാൻ പറ്റാത്ത പ്രവർത്തനങ്ങൾ കൃഷ്ണകുമാർ നടത്തുന്നുവെന്ന് മണികണ്ഠൻ ആരോപിച്ചു. കർഷക മോർച്ച നേതാവായിരുന്ന കരിമ്പയിൽ രവി മരിച്ചപ്പോൾ കൃഷ്ണകുമാർ ഒരു റീത്ത് വെക്കാൻ പോലും തയ്യാറായില്ലെന്ന് മണികണ്ഠൻ പറഞ്ഞു.
പാർട്ടി പ്രവർത്തകർ വിളിച്ചാൽ കൃഷ്ണകുമാർ ഫോൺ എടുക്കില്ലെന്നും സ്വന്തം ഗ്രൂപ്പുകാർ മാത്രം വിളിക്കണമെന്നും അദ്ദേഹം പറയുന്നു. നേരിട്ട് വിളിച്ചു പറഞ്ഞിട്ടും കൃഷ്ണകുമാർ അവഗണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃഷ്ണകുമാർ ബിജെപി ജില്ലാ പ്രസിഡന്റ് ആയിരുന്നപ്പോൾ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയെന്ന് മണികണ്ഠൻ ആരോപിച്ചു.
സിപിഐഎമ്മിൽ നിന്ന് ബിജെപിയിൽ വന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ സാക്ഷിയെ കൂറുമാറ്റിയ ആൾ ഇപ്പോൾ പാർട്ടി നേതാവ് ആണ്. നിരവധി കൊള്ളരുതായമകൾ നടക്കുന്നതിനാൽ ഈ പാർട്ടിയില് തുടരാൻ കഴിയില്ല. നിരവധി പേർ പാർട്ടി പ്രവർത്തനം ഉപേക്ഷിച്ച് മാറിനിൽക്കുന്നുണ്ട്. പ്രവർത്തകർക്ക് അപ്രാപ്യമാണ് ഇപ്പോഴത്തെ നേതാക്കന്മാരെന്ന് മണികണ്ഠൻ പറഞ്ഞു.
ഇതോടുകൂടി ബിജെപിയുടെ വിജയ സാധ്യത ഏറെ കുറേ തീരുമാനമായിരിക്കുകയാണ്. പാർട്ടിയിലേ ഉന്നത നേതാവായ ഒരാൾ പാർട്ടി വിട്ടതും സ്ഥാനാർത്ഥിക്കെതിരെ ഗൂരുതര അരോപണം ഉന്നയിച്ചതും മാത്രമല്ല ബിജെപിയെ പ്രതിരോധത്തിലാക്കുന്ന ഘടകങ്ങൾ.
നേരത്തെ നവംബർ 13നാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് നിശ്ചയിച്ചത്. എന്നാല് കൽപാത്തി രഥോത്സവം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് ഈ മാസം 20ലേക്കാണ് മാറ്റിയിട്ടുണ്ട്. ഇതും വിവധ രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്. കാരണം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഏകദേശം ഒരാഴ്ച്ചയാണ് തിരഞ്ഞെടുപ്പിനായി നീട്ടിയിരിക്കുന്നത്. അതായത് നിലവിൽ കണക്ക് കൂട്ടിയതും കണ്ടെത്തിയതിനേക്കാൾ വലിയ തുക ഇത്തവണത്തെ തിരഞ്ഞടുപ്പ് പ്രചരണത്തിന് ഇറക്കേണ്ടി വരും.
ഏകദേശം ഏഴ് ദിവസത്തേക്കു വേണ്ടുന്ന പ്രചരണ തുക കൂടെ കണ്ടെത്തണം എന്നത് ബിജെപിയ്ക്ക് മാത്രമല്ല മറ്റെല്ലാ പാർട്ടികൾക്കും മുന്നിലുള്ള സുപ്രധാന വെല്ലുവിളിയാണ്. ബിജെപിയെ സംബന്ധിച്ച് ഈ പ്രതിസന്ധിയ്ക്ക് ഒപ്പം കൊടകര വിവാദ വിഷയവും തലവേദന സൃഷ്ടിക്കുന്നുണ്ട്.
നിലവിൽ കൊടകര വിവാദത്തിൽ ഉയരുന്ന ആരോപണങ്ങളെ തള്ളി ബിജെപി നേതാക്കൾ രംഗത്ത് എത്തുന്നുണ്ട്. പക്ഷേ തിരഞ്ഞെടുപ്പ് വേളയിൽ എത്രമാത്രം ന്യായീകരണ ക്യാപ്സുളുകൾ ഇറക്കിയാലും രാഷ്ട്രീയ കേരളം അംഗീകരിക്കില്ല. ജനങ്ങൾക്ക് വേണ്ടുന്നത് തെളിവുകളാണ്. നിലവിൽ കൊടകര വിഷയത്തിൽ പുറത്ത് വരുന്ന തെളിവുകൾ എല്ലാം ബിജെപിയ്ക്ക് എതിരാണ്. അതിനാൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് അതി ഗൗരവവുള്ളതാണ്.