തെലുങ്കിൽ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച് മലയാളികളുടെ സ്വന്തം ദുൽഖർ സൽമാൻ. പുതിയ ചിത്രമായ ലക്കി ഭാസ്കറിലൂടെ മറ്റൊരു ഹിറ്റാണ് പിറന്നിരിക്കുന്നത്. ചിത്രത്തിന്റെ 4 ദിവസത്തെ ആഗോള കലക്‌ഷൻ 55 കോടി 40 ലക്ഷമാണ്. അതേസമയം, തെലുങ്ക് ചിത്രമാണെങ്കിലും കേരളത്തിലും മികച്ച പ്രതികരണം ചിത്രത്തിന് ലഭിക്കുന്നുണ്ട്.
ഒക്ടോബർ 31ന് ദീപാവലി റിലീസായിട്ടാണ് ചിത്രം തിയറ്ററുകളിലെത്തിയത്. കേരളത്തിൽ നിന്ന് മാത്രം 2 കോടി 60 ലക്ഷം നേടാൻ ചിത്രത്തിനായിട്ടുണ്ട്. കേരളത്തിൽ ആദ്യ ദിനം 175 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിലേക്കും, നാലാം ദിനമായപ്പോൾ 240 സ്‌ക്രീനുകളിലേക്കും വർധിച്ചിരുന്നു. ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.