ലെയ്സിന് അഡിക്ടാണോ ?ഹൃദയവും വൃക്കയും പോക്ക്

പാക്കറ്റ് ഭക്ഷണങ്ങളിലെ ഉപ്പ് നിയന്ത്രിച്ചാല്‍ മാത്രം രക്ഷപ്പെടുത്താവുന്നത് ഇന്ത്യയിലെ മൂന്നുലക്ഷം ജീവനുകളെന്ന് പഠനം. ലാന്‍സെറ്റ് ജേണല്‍ പുറത്തിറക്കിയ പഠനത്തിലാണ് ഇന്ത്യക്കാരുടെ ഉപ്പുപയോഗം പ്രധാന വിഷയമായിരിക്കുന്നത്. ശരീരത്തില്‍ സോഡിയം നിയന്ത്രിക്കുന്നതിലൂടെ ആഗോളതലത്തില്‍ പതിനേഴ് ലക്ഷം പേരിലെ ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്ക് ഒരുപരിധിവരെ തടയിടാന്‍ പറ്റുമെന്നും പഠനം വിശദമാക്കുന്നു. പാക്കറ്റ് ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന സോഡിയത്തിന്റെ അളവ് സംബന്ധിച്ച് ലോകാരോഗ്യസംഘടന കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണ്.

ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബല്‍ ഹെൽത്ത് നടത്തിയ പഠനം പ്രകാരം ഉപ്പ് ഉപഭോഗം വളരെ കണിശമായും സത്വരമായും കുറയ്‌ക്കേണ്ടവരുടെ പട്ടികയില്‍ പ്രഥമസ്ഥാനം ഇന്ത്യക്കാര്‍ക്കാണ്. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന പാക്കറ്റ് ഭക്ഷണങ്ങളിലെ അമിതമായ സോഡിയം സാന്നിധ്യമാണ് പൊതുജനാരോഗ്യത്തിലെ പ്രധാന വെല്ലുവിളി. ആഗോളതലത്തില്‍ സോഡിയത്തിന്റെ അമിതോപയോഗം കാരണം കൂടിവരുന്ന മരണങ്ങളും അസുഖങ്ങളുമാണ് ഇത്തരത്തില്‍ ഒരു പഠനം നടത്താന്‍ കാരണമായിരിക്കുന്നത്.

ഒരു ദിവസം ഒരാള്‍ അഞ്ചുഗ്രാമില്‍ താഴെ മാത്രമേ ഉപ്പ് ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്നത്. അഞ്ചുഗ്രാം ഉപ്പ് എന്നുപറയുമ്പോള്‍ ഏതാണ്ട് 2 ഗ്രാം സോഡിയത്തിന്റെ അളവായി. ആഗോളതലത്തില്‍ മരണങ്ങള്‍ കൂടുതലും സംഭവിക്കുന്നത് ഹൃദയസംബന്ധിയായ അസുഖങ്ങള്‍ മൂലമാണ്. പായ്ക്ക് ചെയ്ത് ലഭിക്കുന്ന ഭക്ഷണങ്ങളില്‍ സോഡിയത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നതിലൂടെ ഭക്ഷണത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് പഠനം സമര്‍ഥിക്കുന്നു.

ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങളോട് ഉപഭോക്താക്കള്‍ അഭിരുചി വളര്‍ത്തിയാല്‍ സോഡിയം അളവ് കുറയ്ക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായേക്കാമെന്നും ഗവേഷകര്‍ പറയുന്നു. ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്ന സോഡിയം മാർ​ഗനിർദേശങ്ങൾ പിന്തുടരുക വഴി ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം സംഭവിക്കുന്ന ഏകദേശം മൂന്നുലക്ഷത്തോളം മരണങ്ങള്‍ തടയാന്‍ കഴിയുമെന്നും ഗുരുതര വൃക്കരോഗങ്ങളെ ആരംഭദശയില്‍ത്തന്നെ തടയാന്‍ കഴിയുമെന്നും പഠനം പറയുന്നു.

ഉപ്പിന്റെ അമിതോപയോഗം കുറയ്ക്കുക വഴി ആഗോളതലത്തില്‍ പതിനേഴ് ലക്ഷം പേരുടെ ഹൃദയസംബന്ധമായ രോഗങ്ങളും ഏഴുലക്ഷം പേരുടെ വൃക്കരോഗങ്ങളും തടയാന്‍ കഴിയും. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ തങ്ങളുടെ ചികിത്സയ്ക്കായി ചെലവഴിക്കുന്ന ഭീമന്‍ തുക ഒഴിവാക്കാനായി ദിനംപ്രതി അകത്താക്കുന്ന ഉപ്പില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.

ആരോഗ്യസംരക്ഷണത്തില്‍ ഉപ്പിന്റെ പങ്കിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പഠനപ്രകാരം എത്രമാത്രം പാക്കറ്റ് ഫുഡ്ഡിലെ ഉപ്പ് മാറ്റി നിര്‍ത്തുന്നുവോ അത്രയും കുറഞ്ഞ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ കഴിയുമെന്ന് വിലയിരുത്തുന്നു. ഭാവിയില്‍ പാക്കറ്റ് ഭക്ഷണങ്ങളില്‍ നിന്നും സോഡിയത്തിന്റെ അളവ് കുറയ്ക്കേണ്ട തരത്തില്‍ ആരോഗ്യനിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നതിന്റെ സൂചന കൂടിയാണ് ഈ പഠനം. പാക്കറ്റ് ഫുഡ്ഡുകളുടെ ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അവയിലെ ക്രമാതീതമായ ഉപ്പ് ഉയര്‍ത്തുന്ന ആരോഗ്യഭീഷണിയെക്കുറിച്ചും ജീവഹാനിയെക്കുറിച്ചുമുളള ആശങ്കകള്‍ ആരോഗ്യവിദഗ്ധര്‍ പങ്കുവെച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments