കൊടകര കുഴൽപ്പണ കേസിൽ കെ സുരേന്ദ്രനും ബിജെപിക്കുമെതിരെ വെളിപ്പെടുത്തലുകൾ നടത്തുന്ന തിരൂർ സതീശനും ശോഭ സുരേന്ദ്രനും തമ്മിലുള്ള അടുപ്പത്തിന്റെ തെളിവുകൾ പുറത്ത്. സതീശന്റെ വീട്ടിൽ എത്തിയിട്ടില്ലെന്ന ശോഭയുടെ വാദങ്ങളെ പൊളിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ശോഭ സുരേന്ദ്രൻ വീട്ടിലെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് തിരൂർ സതീശ് പുറത്തുവിട്ടത്. സതീശന്റെ ഭാര്യയോടും മകനോടും ഒപ്പം വീടിനകത്ത് നിൽക്കുന്നതാണ് ചിത്രം.
തിരൂർ സതീശനുമായി ഒരു ബന്ധവുമില്ലെന്നും, തന്റെ വീട്ടിലേക്ക് സതീശനോ, സതീശന്റെ വീട്ടിലേക്ക് താനോ പോയിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. തിരൂർ സതീശൻ സിപിഎമ്മിന്റെ ടൂളാണെന്നും, പറയുന്നത് സതീശനാണെങ്കിലും, ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് എകെജി സെന്ററാണെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചിരുന്നു.
സതീശനെ ഉപയോഗിച്ച് തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. ബിജെപി പ്രസിഡന്റ് ആകാൻ തനിക്ക് എന്താണ് അയോഗ്യതയെന്നും ശോഭ ചോദിച്ചു. തിരൂർ സതീശന്റെ കോൾ ലിസ്റ്റ് എടുക്കണം. വിളിച്ചവർ ആരൊക്കെയെന്ന് സതീശനെക്കൊണ്ട് പറയിപ്പിക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു.
റിപ്പോർട്ടർ ചാനലിന്റെയും ഗോകുലം ഗോപാലിന്റെയും ഗൂഢാലോചനകളാണ് തനിക്കെതിരെയുള്ള ഉയരുന്ന ആരോപണങ്ങളെന്നായിരുന്നു ശോഭയുടെ പക്ഷം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ലക്ഷ്യമിട്ട് തിരൂർ സതീശനെ രംഗത്തിറക്കി കളിക്കുന്നത് ശോഭ സുരേന്ദ്രനാണെന്ന വാദം ഉയർന്നതിന് പിന്നാലെയായിരുന്നു ശോഭ സുരേന്ദ്രന്റെ നിരന്തരമുള്ള വാർത്താ സമ്മേളനങ്ങൾ. എന്നാൽ ചിത്രം വന്നതോടെ ശോഭയുമായുള്ള സതീശന്റെയും കുടുംബത്തിന്റെയും അടുപ്പമാണ് പുറത്തായിരിക്കുന്നത്.
സതീശനെ പൂർണ്ണമായും തള്ളുന്ന നിലയിലായിരുന്നു ഇന്നലെ വരെ ശോഭ സുരേന്ദ്രൻ. അവരുടെ വാദങ്ങൾ ഇങ്ങനെ… സതീഷിന്റെ വീട്ടിൽ ഒരിക്കലും ഞാൻ പോയിട്ടില്ല. എന്റെ വീടിന്റെ പണി നടക്കുന്ന സ്ഥലത്ത് അമ്പലത്തിൽ പോയി വരുന്ന സതീഷ് എന്തിനാണ് നോക്കാൻ പോകുന്നത്. സതീഷ് പണം വാങ്ങി ശ്രമിക്കുന്നത് ഒന്ന് പാർട്ടിയെ തകർക്കാൻ, രണ്ട് ശോഭയെ തകർക്കാൻ. എന്റെ യുദ്ധം മുഖ്യമന്ത്രിക്കെതിരെയാണ്. എന്റെ യുദ്ധം എമ്രാജ് കമ്പനിയുടെ മുതലാളിക്കെതിരെയാണ്.