
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 2 % ഉയർത്തി; പ്രതീക്ഷിച്ചതിലും കുറവ്
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ഇതോടെ ക്ഷാമബത്ത 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായി ഉയർന്നു. ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് ക്ഷാമ ബത്ത ഉയർത്തിയത്. പെൻഷൻക്കാർക്കും വർധനയുടെ ഗുണം ലഭിക്കും.
പണപ്പെരുപ്പം മൂലം ജീവിതച്ചെലവിലുണ്ടാകുന്ന വർധനവ് നേരിടാൻ ജീവനക്കാരെ സഹായിക്കുന്നതാണ് ക്ഷാമബത്ത. ഇതിനു മുമ്പ് ക്ഷാമബത്ത വർധിപ്പിച്ചത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ്. അന്ന് 3 ശതമാനം വർധനവ് വരുത്തിയതിനെത്തുടർന്ന്, ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായി ഉയർന്നിരുന്നു.
ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് കേന്ദ്ര ജീവനക്കാർക്കുള്ള ക്ഷാമബത്ത (ഡിഎ) യും പെൻഷൻകാർക്ക് ക്ഷാമ ആശ്വാസവും (ഡിആർ) 2% വർധിപ്പിക്കാൻ അംഗീകാരം നൽകിയത്. ഈ ഡിഎ, ഡിആർ വർദ്ധന 2025 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തിൽ വരും.
സർക്കാർ സാധാരണയായി എല്ലാ വർഷവും ഹോളി, ദീപാവലി തുടങ്ങിയ ഉത്സവങ്ങൾക്ക് മുമ്പ് രണ്ട് വർഷത്തിലൊരിക്കൽ ഡിഎ വർദ്ധനവ് പ്രഖ്യാപിക്കാറുണ്ട്, എന്നാൽ ഇത്തവണ ജനുവരി-ജൂൺ സൈക്കിൾ വർദ്ധനവ് ഹോളി ഉത്സവത്തിന് മുമ്പ് പ്രഖ്യാപിച്ചിരുന്നില്ല. വർധനയുടെ അളവിനെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ 7 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വർധനയാണിത്. 2018 ജൂലൈ മുതൽ, സർക്കാർ ഓരോ തവണയും കുറഞ്ഞത് 3% അല്ലെങ്കിൽ 4% വർധിപ്പിച്ചിരുന്നു, എന്നാൽ ഇത്തവണ അത് 2% മാത്രമാണ് വർദ്ധിച്ചത്.