മുനമ്പം ഭൂമി തര്‍ക്കം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Munambam waqf land issue VD Satheesan lettered to CM Pinarayi vijayan

തിരുവനന്തപുരം: മുനമ്പം ഭൂമി തര്‍ക്കം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഒരു മുസ്ലിം മത സംഘടനയും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലെ താമസക്കാര്‍ക്ക് ഉപാധികളില്ലാതെ ഭൂമി നല്‍കണം. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കത്ത് പൂര്‍ണരൂപത്തില്‍

മുനമ്പത്ത് അറുനൂറില്‍ അധികം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയ ഭൂമി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മുനമ്പത്തെ 404 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡ് നിയമനടപടികളുമായി മുന്നോട്ടു വന്നതാണ് തീരദേശത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.

മുനമ്പത്തെ ഭൂമിയുടെ കഴിഞ്ഞ കാലങ്ങളിലെ ക്രയവിക്രയങ്ങള്‍ പരിശോധിച്ചാല്‍ പ്രസ്തുത ഭൂമി വഖഫിന്റെ പരിധിയില്‍ പെടുന്നതല്ലെന്നു മനസിലാക്കാവുന്നതാണ്. 2006-11 കാലത്ത് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയോഗിച്ച നിസാര്‍ കമ്മിഷനാണ് ഭൂമി വഖഫ് ആണെന്ന അവകാശവാദം ആദ്യമായി ഉന്നയിച്ചത്. കമ്മിഷന്‍ ഈ വിഷയം ആഴത്തില്‍ പഠിച്ചിട്ടില്ല എന്ന് അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. തുടര്‍ന്ന് അധികാരത്തില്‍ എത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ നിലപാട് തിരുത്തിയതോടെ പ്രശ്നം അവസാനിച്ചു. വഖഫ് ഭൂമിയാണെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതും കരം സ്വീകരിക്കേണ്ടെന്നു തീരുമാനിച്ചതുമാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് കാരണം.

ഒരു മുസ്ലിം മത സംഘടനയും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലെ താമസക്കാര്‍ക്ക് ഉപാധികളില്ലാതെ ഭൂമി നല്‍കണം. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.

പത്ത് മിനിട്ട് കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന വിഷയമാണിത്. മുനമ്പം വിഷയം വര്‍ഗീയ ശക്തികള്‍ മുതലെടുപ്പിനുള്ള അവസരമാക്കുന്നത് കൂടി മനസിലാക്കണം. ഈ വിഷയത്തിന്റെ പേരില്‍ കേരളത്തില്‍ വര്‍ഗീയ ഭിന്നിപ്പും ചേരിതിരിവും ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് തടയണം. ഒരു പ്രദേശത്തെ ജനവിഭാഗങ്ങളെ ഒന്നാകെ ബാധിക്കുന്ന വിഷയം അടിയന്തിരമായി പരിഹരിക്കുന്നതിന് സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments