ബെംഗളൂരു: മൂഡാ കേസില്‍ അന്വേഷണം നേരിടുന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലോകായുക്ത ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഭാര്യ പാര്‍വതി ബിഎമ്മിനെ ലോകായുക്ത പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനുള്ള സമന്‍സുകള്‍ക്ക് ഉത്തരം നല്‍കുമോ എന്ന ചോദ്യത്തിന് നല്‍കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത അന്വേഷണം അനുവദിക്കാന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ്ലോട്ടിന് അവകാശമുണ്ടെന്ന് കോടതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമന്‍സ് വന്നത്. പ്രത്യേക കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ലോകായുക്ത ഇതിനകം പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
സിദ്ധരാമയ്യയെയും ഭാര്യയെയും കൂടാതെ അദ്ദേഹത്തിന്റെ ഭാര്യാസഹോദരന്‍ മല്ലികാര്‍ജുന സ്വാമി, ദേവരാജു തുടങ്ങിയവരുടെ പേരുകളും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും താന്‍ ചെയ്തിട്ടില്ലെന്നും വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ് സിദ്ധരാമയ്യ. അതേസമയം, ബിജെപി സിദ്ധരാമയ്യയുടെ രാജി ആവിശ്യപ്പെട്ടിരിക്കുകയാണ്.