തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ ക്ഷേമ പെൻഷൻ കുടിശിക തിരിച്ചടിയാകുമെന്ന ആശങ്കയിൽ ഇടതുമുന്നണി. 4 മാസത്തെ കുടിശികയാണ് ക്ഷേമ പെൻഷൻകാർക്കും ക്ഷേമനിധി ബോർഡ് പെൻഷൻകാർക്കും കൊടുക്കാനുള്ളത്.
62 ലക്ഷം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. 1600 രൂപയാണ് പ്രതിമാസ പെൻഷൻ.4 മാസത്തെ പെൻഷൻ കുടിശിക ലഭിച്ചിരുന്നെങ്കിൽ 6400 രൂപ വീതം ഓരോ പെൻഷൻകാർക്കും ലഭിക്കുമായിരുന്നു. 4 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൊടുക്കാൻ 3968 കോടി രൂപ വേണം.
ക്ഷേമ പെൻഷൻ മുടങ്ങിയത് ലോക്‌സഭ തിരഞ്ഞെടുപ്പിലെ ദയനിയ തോൽവിക്ക് കാരണങ്ങളിൽ ഒന്നായി സിപിഎമ്മും എൽഡിഎഫും വിലയിരുത്തിയിരുന്നു. ഇതിനെ തുടർന്ന് നിയമസഭയിൽ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി കുടിശികകൾ സംബന്ധിച്ച പ്രസ്താവന നടത്തിയിരുന്നു.
2024 ജൂലൈ 10 മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവന ഇങ്ങനെ, ‘നിലവിൽ സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ അഞ്ച് ഗഡുക്കൾ കുടിശിക ആണ്. പെൻഷൻ കുടിശിക 2024 – 25 ൽ രണ്ട് ഗഡുക്കളും 2025 – 26 ൽ 3 ഗഡുക്കളും വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നു’. ഓണം പ്രമാണിച്ച് സെപ്റ്റംബറിൽ ഒരു മാസത്തെ പെൻഷനോടൊപ്പം ഒരു മാസത്തെ പെൻഷൻ കുടിശികയും നൽകിയിരുന്നു. അതോടെ 5 ഗഡു കുടിശികയിൽ ഒരു ഗഡു നൽകി.
നിലവിൽ 4 ഗഡുക്കൾ കുടിശികയാണ്. ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് ഒരു ഗഡു കുടിശിക കൂടി അനുവദിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും കെ.എൻ. ബാലഗോപാൽ അതിന് തയ്യാറായില്ല. ക്ഷേമ പെൻഷൻ കുടിശികയെ കുറിച്ചുള്ള ചോദ്യങ്ങളാണ് വോട്ട് തേടി ചെല്ലുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ നേരിടുന്നത്. ഇതിനെ കുറിച്ച് കൃത്യമായ മറുപടി നൽകാൻ ഇവർക്ക് കഴിയുന്നില്ല.
പ്രതിപക്ഷം ആകട്ടെ ക്ഷേമ പെൻഷൻ കുടിശിക നിരന്തരമായി ഉയർത്തി കൊണ്ടിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പിലെ പ്രധാന ചർച്ച വിഷയമായി ക്ഷേമ പെൻഷൻ കുടിശിക മാറിയതോടെ ഇടതു സ്ഥാനാർത്ഥികൾ മറുപടി ഇല്ലാതെ കുഴയുകയാണ്.