മാഡ്രിഡ്: സ്പെയിൻ പ്രളയത്തിന്റെ പിടിയിലാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. നിരവധി ജനങ്ങളാണ് ദിനവും മരിച്ചുവീഴുന്നതും. മിന്നൽ പ്രളയത്തിൽ മരിച്ചവരിൽ ലാ ലിഗ ക്ലബ് വലൻസിയയുടെ മുൻ മധ്യനിര താരവും ഉൾപ്പെട്ടിരിക്കുന്നു എന്ന നിരാശാജനകമായ വാർത്തയാണ് ഫുട്ബോൾ ലോകത്തുനിന്നും വരുന്നത്. യൂത്ത് ക്ലബിന്റെ ഭാഗമായിരുന്ന ജോസ് കാസ്റ്റിലേജോയാണ് (28) മരിച്ചത്.
വലൻസിയ അണ്ടർ -18 ടീമിലൂടെയാണ് താരം പ്രഫഷണൽ ഫുട്ബോളിലെത്തുന്നത്. രണ്ടാം ഡിവിഷൻ ക്ലബുകളായ ടോറെ ലെവന്റെ, പാറ്റേർണ, എൽഡെൻസ്, ബ്യൂണോൾ, റെകാംബിയോസ് കോളൻ, സിഡി റോഡ തുടങ്ങിയ ടീമുകൾക്കുവേണ്ടിയും താരം പന്തുതട്ടിയിട്ടുണ്ട്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ വലൻസിയ അനുശോചിച്ചു.
അതേ സമയം കിഴക്കൻ മേഖലയായ വലൻസിയയിൽ മിന്നൽ പ്രളയത്തിൽ ഇത് വരെ ഇരുനൂറോളം പേരാണ് മരിച്ചത്. രാജ്യത്തുടനീളവും വലിയ ആൾ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.
ഒരു വർഷത്തിൽ പെയ്യേണ്ട മഴയാണ് എട്ട് മണിക്കൂർ കൊണ്ട് പെയ്ത് തീർന്നത്. പ്രളയത്തെ തുടർന്ന് നടക്കേണ്ടിയിരുന്ന ലാ ലിഗയിലെ റയൽ മഡ്രിഡ്-വലൻസിയ മത്സരം മാറ്റിവെച്ചിരുന്നു. പ്രളയബാധിതരെ സഹായിക്കാനായി ലാ ലിഗയുടെ നേതൃത്വത്തിൽ ക്ലബുകൾ ധനസമാഹരണം തുടങ്ങിയിട്ടുണ്ട്. താരത്തിന്റെ മരണത്തിൽ ഫുട്ബോൾ ലോകം ഒന്നാകെ അനുശോചിക്കുകയാണ്.