International

കാനഡയിൽ ക്ഷേത്ര പരിസരത്ത് ഖലിസ്ഥാനികളുടെ ആക്രമണം; അപലപിച്ച് ജസ്റ്റിൻ ട്രൂഡോ

കാനഡയിൽ ഹിന്ദു ആരാധനാലയത്തിനും വിശ്വാസികൾക്കും നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം. ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു ഒരു സംഘം ആക്രമണം നടത്തിയത്. ആക്രമണത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. അക്രമത്തെ അംഗീകരിക്കാനാവില്ല. എല്ലാ കനേഡിയൻ പൗരൻമാർക്കും അവരുടെ വിശ്വാസത്തെ മുറുകെപിടിക്കാനുള്ള അവകാശമുണ്ട് – ട്രൂഡോ പറഞ്ഞു.

ഖാലിസ്ഥാൻ പതാകകളുമായി എത്തിയ സിഖ് വംശജരാണ് ഹിന്ദുമഹാസഭാ മന്ദിറിൽ മുന്നിൽ ഇന്ത്യക്കെതിരെ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാർ അവിടെ ഉണ്ടായിരുന്നവർക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു. ആക്രമണത്തിൽ ആശങ്ക ഉണ്ടെന്ന് ട്രൂഡോ സർക്കാരിലെ കേന്ദ്ര മന്ത്രിയായ അനിത ആനന്ദ് പ്രതികരിച്ചു. ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ മത വിഭാഗങ്ങൾക്കും ആക്രമണങ്ങളില്ലാതെ അവരുടെ മതം ആചരിക്കാൻ അവകാശമുണ്ടെന്ന് അനിത ആനന്ദ് എക്സിൽ കുറിച്ചു.

വടികളുമായി എത്തിയ ഒരു സംഘം അമ്പലത്തിന് പുറത്തുവച്ച് വിശ്വാസികളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ പതാകകളുമായാണ് അക്രമികൾ എത്തിയത്. പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നതായും, അക്രമത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കനേഡിയൻ പൊലീസ് വ്യക്തമാക്കി.

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് ശേഷം വഷളായ ഇന്ത്യ-കാനഡ ബന്ധത്തിൻറെ പശ്ചാത്തലത്തിലാണ് ഖാലിസ്ഥാൻ വാദികളുടെ ആക്രമണം. ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. നിജ്ജർ കൊലപാതകത്തിലും കാനഡയെ നിരീക്ഷിക്കുന്നതിലുമടക്കം അമിത് ഷാക്ക് പങ്കുണ്ടെന്ന് സുരക്ഷകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുൻപിൽ കനേഡിയൻ വിദേശകാര്യ സഹമന്ത്രിയും സുരക്ഷ ഉപദേഷ്ടാവും സ്ഥിരീകരിച്ചതായിരുന്നു ഇന്ത്യയെ ചൊടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *