ഡൽഹി: മതാടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് വേണ്ടി വാട്സാപ്പ് ഗ്രൂപ്പ്. വിഷയം ഗൗരവമുള്ളതെന്ന് മന്ത്രി പി രാജീവ്. ഹിന്ദുക്കളായ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ ഉടനടി പരിശോധന നടത്തുമെന്ന് വ്യവസായമന്ത്രി പി. രാജീവ് അറിയിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനങ്ങള്‍ വരുന്നത് ഗൗരവമുള്ള കാര്യമാണ്. അത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധന നടത്തും. പൊതുഭരണവുമായി ബന്ധപ്പെട്ട് പൊതുവായ പെരുമാറ്റച്ചട്ടമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തും. അതിനുശേഷം വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലാണ് കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസ്. അഡ്മിന്‍ ആയി ഗ്രൂപ്പുണ്ടാക്കിയതെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. സംസ്ഥാനത്തെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മുതല്‍ ജൂനിയര്‍ ഉദ്യോഗസ്ഥര്‍വരെ അംഗങ്ങളായിരുന്ന ഗ്രൂപ്പാണ് വിവാദത്തിലായത്. ഇതിന് പിന്നാലെ ഗ്രൂപ്പ് ടിലീറ്റ് ചെയ്യുകയാണുണ്ടായത്. ഇത്തരമൊരു ഗ്രൂപ്പുണ്ടാക്കിയതിലെ അനൗചിത്യം ഗ്രൂപ്പിലെതന്നെ ചില ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വിവാദത്തെ തുടർന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രൂപ്പ് ഡിലീറ്റ് ആക്കി. വിവാദത്തില്‍ വിശദീകരണവുമായി വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ രംഗത്തെത്തി. തന്‍റെ പേരില്‍ 11 ഗ്രൂപ്പുകള്‍ രൂപീകരിച്ചെന്നും മല്ലു മുസ്‌ലിം എന്ന പേരിലും ഗ്രൂപ്പുണ്ടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. മറ്റാരോ ഫോണ്‍ ഹാക്ക് ചെയ്താണ് ഗ്രൂപ്പുകള്‍ തുടങ്ങിയത്.
സുഹൃത്താണ് വിവരം ശ്രദ്ധയില്‍പ്പെടുത്തിയതെന്നും അപ്പോള്‍തന്നെ ഗ്രൂപ്പുകള്‍ ഡിലീറ്റ് ചെയ്തെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ക്ഷമ ചോദിച്ച് എല്ലാവര്‍ക്കും മെസേജ് അയച്ചു. മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് വിഷയത്തിന്റെ ഗൗരവം മനസിലായതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.