തിരഞ്ഞെടുപ്പ് അടുത്തതോടെ എട്ടിന്റെ പണി കിട്ടിയിരിക്കുന്നത് ബിജെപിക്കാണ്. സുരേഷ് ഗോപിയിലൂടെ കിട്ടിയ മിന്നും വിജയം മറ്റു ജില്ലകളിലും ആവർത്തിക്കാമെന്നായിരുന്നു ബിജെപിയുടെ മോഹം. എന്നാൽ ആ മോഹങ്ങളെയും തല്ലിക്കെടുത്തി കൊണ്ടാണ് ബിജെപിക്കെതിരായ വെളിപ്പെടുത്തലുകൾ ഓരോന്നോരോന്നായി പുറത്തു വരുന്നത്. അതിനിടയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് പദവിയിൽ ഒരുവട്ടംകൂടി തുടരാനുള്ള കെ സുരേന്ദ്രന്റെ മോഹങ്ങൾക്ക് മേലും ഇടിത്തീ വീണിരിക്കുകയാണ്.
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ഹൈക്കോടതിയിൽ നിന്നേറ്റ തിരിച്ചടി, കൊടകര കുഴൽപ്പണക്കേസിലെ മുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ, സന്ദീപ് വാര്യരുടെ പരാതി തുടങ്ങി ഒന്നിനുപിറകേ ഒന്നായി വന്നതോടെ സുരേന്ദ്രൻ പാർട്ടിയിൽ തന്നെ ഒറ്റപ്പെട്ടിരിക്കുകയാണ്. ഒപ്പം നിൽക്കുന്ന നേതാക്കൾ പോലും കെ സുരേന്ദ്രനെ സംരക്ഷിക്കാൻ തയ്യാറാകുന്നില്ല എന്നതാണ് സത്യം. അതേസമയം, സംസ്ഥാന പ്രസിഡന്റ് തെറ്റുചെയ്യില്ല, അദ്ദേഹത്തിന് പങ്കില്ല എന്നുപറയാൻ വി മുരളീധരൻപോലും തയ്യാറാകാത്തത് അണികളെയും ചിന്തിപ്പിക്കുന്നുണ്ട്.
പി കെ കൃഷ്‌ണദാസ് പക്ഷമാകട്ടേ എല്ലാം കണ്ടുംകേട്ടും മൗനത്തിലാണ്. നവംബർ, ഡിസംബർ മാസങ്ങളിൽ ബിജെപിയുടെ സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. പുതിയ അഖിലേന്ത്യാ പ്രസിഡന്റിനെയും സംസ്ഥാന പ്രസിഡന്റുമാരെയും ഉടൻ നിയോഗിച്ചേക്കും. അഞ്ചുവർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രൻ ഒരുവട്ടംകൂടി തുടരാനുള്ള നീക്കത്തിലാണ്. എന്തുവിലകൊടുത്തും അതിന് തടയിടാനാണ് എതിർവിഭാഗത്തിന്റെ ശ്രമം. എന്നാൽ എന്തൊക്കെ കൊണ്ടുവന്നാലും തന്നെ വീഴ്‌ത്താനാകില്ലെന്നാണ് സുരേന്ദ്രന്റെ പ്രഖ്യാപനം.
തന്നോടൊപ്പം അധികാരമേറ്റ 22 സംസ്ഥാന പ്രസിഡന്റുമാരിൽ താൻ മാത്രമാണ് അഞ്ചുവർഷം പൂർത്തിയാക്കിയതെന്നും ആർക്കും വീഴ്‌ത്താനായില്ലെന്നുമാണ് സുരേന്ദ്രന്റെ വെല്ലുവിളി. കുമ്മനം രാജശേഖരൻ, പി എസ് ശ്രീധരൻപിള്ള എന്നിവർ പോലും വീണിട്ടും താൻ വീണില്ലെന്ന് എതിർവിഭാഗത്തെ ഓർമിപ്പിക്കുകയും ചെയ്യുന്നുണ്ട്. എം ടി രമേശിനെയാണ് കൃഷ്‌ണദാസ് പക്ഷം സംസ്ഥാന പ്രസിഡന്റായി ഉയർത്തിക്കാട്ടുന്നത്. സുരേന്ദ്രനേക്കാളും മുതിർന്ന നേതാവായിട്ടും രമേശിനെ അവഗണിക്കുന്നതിലുള്ള അമർഷം അവർ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
കൂടാതെ പ്രസിഡന്റ് ആകാൻ തനിക്ക് യോഗ്യതയുണ്ടെന്ന് ശോഭ സുരേന്ദ്രനും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. സതീഷിന്റെ വെളിപ്പെടുത്തലിനു പിന്നിൽ തനിക്കു പങ്കുണ്ടെന്ന പ്രചാരണമുണ്ടായതിനു പിന്നാലെ ശോഭ സുരേന്ദ്രൻ പിണറായി വിജയനെയും സിപിഎമ്മിനെയും പ്രതിസ്ഥാനത്തു നിർത്തി നടത്തിയ വിമർശനം ബിജെപി സംസ്ഥാനനേതൃത്വത്തിനു കൂടിയുള്ള താക്കീതായാണു പാർട്ടിയിലെ പലരും കാണുന്നത്. താൻ നൂലിൽ കെട്ടി ഇറങ്ങിവന്നതല്ലെന്നും ഗോഡ്ഫാദർ വളർത്തിവിട്ട ആളല്ലെന്നുമാണ് ശോഭ പറഞ്ഞത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു ശോഭ പരിഗണിക്കപ്പെടുന്നെന്ന സൂചന ഉയരുമ്പോഴാണ് കുഴൽപണക്കേസ് വെളിപ്പെടുത്തലും പുറത്തുവരുന്നത്.
എന്തായാലും സംഘടനാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന ബിജെപിയിൽ പൊട്ടിത്തെറിയുടെ കളമൊരുങ്ങുന്ന സൂചനകളും ശക്തമാകുന്നുണ്ട്. മണ്ഡലം പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്നതിൽ കെ.സുരേന്ദ്രൻ പക്ഷം ഏകപക്ഷീയ തീരുമാനങ്ങളെടുക്കുവെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. അതേസമയം, ധർമരാജന്റെ മൊഴി ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. കർണാടകയിലെ മുതിർന്ന നേതാക്കളാണ് പണം കൊടുത്തുവിട്ടതെന്ന് പേരുസഹിതം കുറ്റപത്രത്തിൽ വന്നത് ദേശീയനേതൃത്വത്തിനും തലവേദനയായി മാറിയിട്ടുണ്ട്. കുഴൽപണ കേസിൽ ഇ.ഡി മൗനം പാലിക്കുന്നത് ദേശീയതലത്തിൽ കോൺഗ്രസ് ആയുധമാക്കുകയാണ്.