തിരുവനന്തപുരം: ക്ഷേമ പെൻഷനും ക്ഷാമബത്തയും കുടിശിക ആയത് കേന്ദ്രത്തിൽ നിന്നും പണം കിട്ടാത്തത് കൊണ്ടാണെന്നാണ് എൽ.ഡി.എഫ് സർക്കാർ വിശദീകരിച്ചിരുന്നത്. എന്നാൽ ന്യായ വാദത്തെ സാധൂകരിക്കാനുതകുന്ന കണക്ക് സംസ്ഥാന സർക്കാരിന്റെ പക്ഷത്തില്ലെന്നതാണ് വസ്തുത.
കഴിഞ്ഞ ഒക്ടോബർ 8 ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ 2016-17 മുതൽ 2023- 24 വരെ കേന്ദ്രം കൊടുക്കാനുള്ള കുടിശിക എത്രയെന്നത് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. സി പി എം എം എൽ എ മധുസുദനൻ്റെ ചോദ്യത്തിനാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ മറുപടി നൽകിയത്.
ധനമന്ത്രി നൽകിയ കണക്ക് പ്രകാരം 2016-17 മുതൽ 2023 – 24 വരെ 1215.04 കോടി രൂപയാണ് കേന്ദ്രം കുടിശിക വരുത്തിയതെന്നാണ് പറയുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഗ്രാൻ്റ് ഇനത്തിൽ 2018-19 ൽ 285.94 കോടിയും 2019-20 ൽ 374.42 കോടിയും ആരോഗ്യ ഗ്രാൻ്റിനത്തിൽ 2021-22 ൽ 1.33 കോടിയും 2023-24 ൽ 410.03 കോടിയും കേന്ദ്രം കുടിശിക ഇനത്തിൽ നൽകാനുണ്ട്.
കൂടാതെ 2023- 24 ൽ നഗര തദ്ദേശസ്ഥാപനങ്ങൾക്കും ഗ്രാൻ്റ് ഇനത്തിൽ 143.32 കോടിയും കേന്ദ്രം കുടിശിക വരുത്തിയെന്ന് ബാലഗോപാൽ വ്യക്തമാക്കുന്നു. 4 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൊടുക്കാൻ 3968 കോടി വേണം. കേന്ദ്ര കുടിശിക കിട്ടാനുള്ളത് 1215.04 കോടിയും.
കേന്ദ്രം കുടിശിക വരുത്തിയത് കൊണ്ടല്ല ക്ഷേമ പെൻഷനും ക്ഷാമബത്തയും കുടിശിക ആയതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. സർക്കാരിൻ്റെ ധൂർത്താണ് ഖജനാവ് ചോർത്തിയത്. 56000 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പ്രസംഗിച്ചു നടന്ന ബാലഗോപാൽ അവസാനം കിട്ടാനുള്ള കുടിശിക എത്രയെന്ന് നിയമസഭയിൽ വെളിപ്പെടുത്തിയപ്പോൾ ഞെട്ടിയത് മറുപടി ലഭിച്ച മധുസുദനൻ എം എൽ എ ആണ്.
കാരണം ക്ഷേമ പെൻഷനും ക്ഷാമബത്തയും കുടിശിക ആയത് കേന്ദ്രത്തിൽ നിന്നും പണം കിട്ടാത്തത് കൊണ്ടാണെന്നതാണ് എൽ.ഡി.എഫ് സർക്കാറിന്റെ സ്ഥിരം പല്ലവി . എന്നാൽ സർക്കാർ വാദവും സർക്കാർ നൽകുന്ന കണക്കും തമ്മിൽ ഒത്തുനോക്കുമ്പോൾ കേന്ദ്രം പണം നൽകാത്തത് കൊണ്ടാണ് സംസ്ഥാന സർക്കാരിന് പ്രശ്നം വരുന്നത് എന്ന വാദത്തിന് യാതെരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാകുകയാണ്.