ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേർക്ക് ദാരുണാന്ത്യം. അൽമോറ ജില്ലയിൽ മർച്ചുലയിലാണ് സംഭവം. റോഡിൽ നിന്നും 200 മീറ്റർ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസ് ഗർവലിൽ നിന്നും കുമയൂൺ മേഖലയിലേക്ക് പോകുകയായിരുന്നു.
പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടാതെ നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. 40 പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം. പരിക്കേറ്റവരെ രാംനഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തോട് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിർദേശം നൽകി. ഗുരുതരമായി പരിക്കേറ്റവരെ എയർലിഫ്റ്റ് ചെയ്ത് അടിയന്തരചികിത്സ ഉറപ്പാക്കണം. ബസ് അപകടം വേദനാജനകമാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് രക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായം നൽകും. സംസ്ഥാന ദുരന്ത നിവരാണ സേന രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും പുഷ്കർ സിംഗ് ധാമി എക്സിൽ കുറിച്ചു.