കാത്തിരിപ്പിനൊടുവിൽ ആ വിധി എഴുതാനൊരുങ്ങി അമേരിക്ക. ഇനി വെറും രണ്ട് ദിവസങ്ങൾ മാത്രം അവശേഷിക്കെ, തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുകയാണ് ട്രംപിന്റെ റിപ്പബ്ലിക്കൻ മുന്നണിയും, കമല ഹാരിസിന്റെ ഡെമോക്രാറ്റിക് പാർട്ടിയും.
സാമ്പത്തിക പ്രതിസന്ധിയും, കുടിയേറ്റവും ഉൾപ്പെടെ എടുത്തുകാട്ടിയാണ് ട്രംപിന്റെ പ്രചാരണം മുന്നേറുന്നത്. അതേസമയം, ജനാധിപത്യത്തെ സംരക്ഷിക്കണമെങ്കിൽ ട്രംപിനെ പുറത്തു നിർത്തണമെന്നാണ് കമല ഹാരിസ് പറയുന്നത്.
വാശിയേറിയ പോരാട്ടമാണ് ഇരുവരും നടത്തുന്നത്. തിരഞ്ഞെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കവേ 270 ഇലക്ടറൽ വോട്ടുകൾ ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് ഇരു കൂട്ടരും.
പരസ്പരം വിമർശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും മുന്നേറുമ്പോൾ അഭിപ്രായ സർവേകളുടെ ഫലവും മാറി മറിയുകയാണ്. ഏഴരക്കോടി വോട്ടർമാരാണ് മുൻകൂർ വോട്ട് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ സർവേകൾ പ്രകാരം ഇരു കൂട്ടരും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നതെന്ന് ഡാറ്റകൾ പറയുന്നത്.
കുടിയേറ്റക്കാർ കൈയേറിയ നാടിന്റെ വിമോചന ദിനമാകും വരുന്ന ബുധനാഴ്ച എന്ന് ഡൊണാൾഡ് ട്രംപ് ആഞ്ഞടിച്ചു. ജനാധിപത്യത്തെ കൊണടാക്കിയ ട്രംപിനെ തിരസ്കരിക്കണമെന്ന് കമലയും തിരിച്ചടിച്ചു.
ബൈഡനു പകരം കമല സ്ഥാനാർത്ഥിയായി എത്തിയപ്പോഴുള്ള അഭിപ്രായ സർവേകളിൽ തോൽവി നേരിട്ടിരുന്ന മുൻ പ്രസിഡന്‍റ് ഇപ്പോൾ മുന്നേറുന്നുണ്ടെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കും, ഡെമോക്രാറ്റ് സ്ഥാനാർഥിക്കും 48 ശതമാനം വീതമാണ് വോട്ടുകൾ ലഭിച്ചിരിക്കുന്നത്. നവംബര്‍ 5 ന് അമേരിക്കൻ തിരഞ്ഞെടുപ്പ് വരാനിരിക്കെ കമലയ്ക്ക് തിരിച്ചടി ഉണ്ടാകാനാണ് സാധ്യതയെന്ന് പുതിയ സർവെ ഫലം വ്യക്തമാക്കുന്നത്