ഉണ്ണിമുകുന്ദൻ നടനായി അഭിനയിച്ച ചിത്രം മാർക്കോ റിലീസിന് ഒരുങ്ങുകയാണ്. ഹനീഷ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം തന്നെ മലയാള സിനിമാസ്വാദകർക്ക് ഇടയിൽ ചർച്ചാ വിഷയം ആയി മാറിക്കഴിഞ്ഞു. അടുത്തിടെ റിലീസ് ചെയ്ത ടീസറിന് ലഭിച്ച വരവേൽപ്പ് തന്നെ അതിനു തെളിവാണ്.
മലയാളത്തിന് പുറമെ മാർക്കോയുടെ ഹിന്ദി ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതും ഏറെ പ്രേക്ഷക ശ്രദ്ധനേടി. മാർക്കോയുടെ തെലുങ്ക് ടീസർ നംവംബർ നാലിന് റിലീസ് ചെയ്യും. തെന്നിന്ത്യൻ സൂപ്പർ താരം അനുഷ്ക ഷെട്ടിയാണ് ടീസർ പുറത്തിറക്കുക.
രാവിലെ പത്ത് പത്തിനാണ് റിലീസ്. ഇക്കാര്യം അറിയിച്ച് കൊണ്ടുള്ള പോസ്റ്റർ മാർക്കോ ടീം പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തിന്റെ കെജിഎഫ് എന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മാർക്കോ, ക്രിസ്മസ് റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് സംഘടകർ നൽകുന്ന വിവരം.
100 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കിയ ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ബജറ്റ് 30 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്. അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ് മാർക്കോ ഉള്ളത്. ഇതിനോടകം തിയറ്റർ ബുക്കിങ്ങുകളും ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ മാത്രം 200ഓളം സ്ക്രീനുകളാണ് ബുക്കായിട്ടുള്ളതെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉണ്ണി മുകുന്ദൻ തന്നെ അറിയിച്ചിരുന്നു.