തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ സംസ്ഥനത്തെ പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ മെഡലിലുണ്ടായ അക്ഷരത്തെറ്റ് വിവാദത്തിൽ അന്വേഷണ ചുമതല ഡിഐജി സതീഷ് ബിനോയ്ക്ക്. ഭാഷാദിനം കൂടിയായ കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി വിതരണം ചെയ്ത് 40ഓളം മെഡലുകളിൽ അക്ഷരതെറ്റ് സംഭവിച്ചു എന്നത് ആരുടേയും ശ്രദ്ധയിൽപെടാത്തത് വ്യാപക പിഴവെന്നാണ് പൊതുജനാഭിപ്രായം.
ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇപ്പോൾ അന്വേഷണത്തിന് ഡിഐജി സതീഷ് ബിനോയിയെ ചുമതലപ്പെടുത്തി എന്നാണ് വിവരം. മെഡൽ നിർമ്മാണത്തിന് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതിലെ കാലതാമസമടക്കം അക്ഷരതെറ്റ് സംഭവിച്ചതെങ്ങനെ എന്നതെല്ലാമാണ് അന്വേഷിക്കുക.
ഭാഷാദിനം കൂടിയായ കേരളപ്പിറവി ദിനത്തിലാണ് അക്ഷരത്തെറ്റുള്ള പൊലീസ് മെഡല്‍ മുഖ്യമന്ത്രി സമ്മാനിച്ചത്. ആകെ ആറുവാക്കുള്ള മെഡലിലെ മൂന്ന് വാക്കിലും അക്ഷരത്തെറ്റ് കടന്നുകൂടി. മുഖ്യമന്ത്രിക്ക് വള്ളിയിടാന്‍ മറന്നുപോയപ്പോള്‍ ‘മുഖ്യമന്ത്ര’യായി. വള്ളി പ്രശ്നം അവിടെ മാത്രമല്ല, പൊലീസ് എന്നത് എഴുതി വന്നപ്പോള്‍ ‘പൊലസ്’ ആയി. ‘ല’യ്ക്കും വള്ളിയില്ല. മെഡലിന്റെ ‘ല്‍’ മാറി ‘ന്’ ആയപ്പോള്‍ ‘മെഡന്‍’ ആയി.
മെഡല്‍ തയാറാക്കിയ പൊലീസ് ആസ്ഥാനത്തെ ഉന്നതരോ വിതരണം ചെയ്ത മുഖ്യമന്ത്രിയോ വായിച്ചു നോക്കാത്തതുകൊണ്ടാവാം. മലയാളം പിഴച്ചത് ആരും അറിഞ്ഞില്ല. മെഡല്‍ നേടിയ ചില പൊലീസുകാര്‍ വീട്ടുകാരെയും കൂട്ടുകാരെയും കാണിച്ചപ്പോളാണ് നാണക്കേടായത്.
പൊലീസിന്റെ ജോലികള്‍ സ്ഥിരം കിട്ടുന്ന തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയാണ് മെഡല്‍ തയാറാക്കിയത്. മലയാളി അറിയാത്ത ഏതോ ഇതരസംസ്ഥാന തൊഴിലാളി അടിച്ചുവച്ചത് അതേപടി എടുത്ത് വിതരണം ചെയ്തുവെന്നാണ് സംശയം. എന്തായാലും തെറ്റുപറ്റിയത് മുഴുവന്‍ ഉടന്‍ മാറ്റിക്കൊടുക്കാന്‍ കമ്പനിയോട് ഡിജിപി ആവശ്യപ്പെടുകയായിരുന്നു.