ഫുട്ബോൾ ലോകത്ത് ഏറെ ചർച്ചാ വിഷയമാകുകയാണ് ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്ക്കാരം. ലോക ഫുട്ബോളിലെ ഏറ്റവും മൂല്യമുള്ള വ്യക്തിഗത പുരസ്കാരമാണ് ബാലൺ ഡി ഓർ. അതുകൊണ്ടു തന്നെ പുരസ്കാര നിർണയം പലപ്പോഴും വിവാദത്തിന് കാരണമാകാറുണ്ട്. ഇത്തവണയും അതിനുമാറ്റമില്ല.
റയൽ താരങ്ങളുടെ ബഹിഷ്കരണത്തിനിടെയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രിക്ക് പുരസ്കാരം സമ്മാനിച്ചത് എന്നതും ഈ വർഷത്തെ ബാലൺ ഡി ഓർ ലെ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു.
ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയറിനെ തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് റയൽ ചടങ്ങ് ബഹിഷ്കരിച്ചത്. കഴിഞ്ഞ സീസണിൽ ക്ലബിന് ചാമ്പ്യൻസ് ലീഗും ലാ ലിഗയും നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച വിനീഷ്യസിന് പുരസ്കാരം നൽകാത്തതാണ് റയൽ അധികൃതരെ ചൊടിപ്പിച്ചത്.
വെസ്ലിയെ തഴഞ്ഞോ?
2010ൽ അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിക്കു ബാലൺ ഡി ഓർ നൽകിയതിനെ ചൊല്ലിയും ഇപ്പോൾ വിവാദങ്ങൾ ഉടലെടുത്തിരിക്കുകയാണ്. നെതർലൻഡ്സ് താരം വെസ്ലി സ്നൈഡറെ മറികടന്നാണ് മെസ്സിക്ക് പുരസ്കാരം നൽകിയതെന്നായിരുന്നു ഒരു വിഭാഗത്തിന്‍റെ ആരോപണം.
തനിക്ക് ലഭിക്കേണ്ടിയിരുന്ന ബാലണ്‍ ഡി ഓർ മെസ്സി തട്ടിയെടുത്തു എന്ന വാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇന്റര്‍ മിലാന്‍ മുൻ താരം കൂടിയായ സ്നൈഡർ. “14 വര്‍ഷത്തിന് ശേഷവും ആളുകള്‍ ഇതുതന്നെയാണ് സംസാരിക്കുന്നതെന്നും എന്നാല്‍ വ്യക്തിഗത പുരസ്‌കാരങ്ങളേക്കാള്‍ ടീമിനൊപ്പം കിരീടം നേടുന്നതാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും” സ്‌നൈഡര്‍ പറഞ്ഞു.
2010ലെ ബാലണ്‍ ഡി ഓർ പുരസ്‌ക്കാരം നേടാന്‍ സാധ്യത കല്‍പിച്ചവരില്‍ മുന്നിലായിരുന്നു സ്‌നൈഡര്‍. സീസണിൽ ഇന്‍റർമിലാന്‍റെ ട്രിബിള് കിരീട നേട്ടത്തിൽ താരം നിർണായക പങ്കുവഹിച്ചു.
ഹോസെ മൗറീന്യോ പരിശീലിപ്പിച്ച മിലാൻ സീരി എ, കോപ്പ ഇറ്റാലിയ, യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടി. കൂടാതെ, ലോകകപ്പിൽ നെതർലൻഡ്സിനെ ഫൈനലിലും എത്തിച്ചു. ടൂർണമെന്‍റിൽ അഞ്ചു ഗോളുകളാണ് താരം നേടിയത്. ബാലൺ ഡി ഓർ മെസ്സി സ്വന്തമാക്കിയപ്പോള്‍ ഇനിയേസ്റ്റയും സാവിയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. നാലാം സ്ഥാനം മാത്രമാണ് സ്‌നൈഡറിന് ലഭിച്ചത്.