ഐപിഎല്ലിൽ വീണ്ടുമൊരിക്കൽ കൂടി റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റനായി ഇതിഹാസ താരം വിരാട് കോലി വന്നേക്കുമെന്ന ചർച്ചകൾ ശക്തമാകുകയാണ്. പതിനേഴ് സീസണുകൾ കടന്നുപോയി ഇതുവരെ ബെംഗളൂരിനും കോലിക്കും ഐപിഎൽ കപ്പ് കന്നിക്കിരീടമായി തന്നെ തുടരുകയാണ്. ഒരു മാറ്റം മാനേജ്മെന്റും ആരാധകരും ആഗ്രഹിക്കാൻ തുടങ്ങിയിട്ട് കാലം ഒരുപാടായി.
സലാകപ്പ് ഞങ്ങക്കെന്നും പറഞ്ഞ് മുറവിളികൂട്ടുന്ന ആരാധകരാണ് ടീമിന്റെ ഏറ്റവും വലിയ കരുത്ത്. പ്ലേയോഫ് പോലും കാണാതെ പുറത്തുപോയ അവസ്ഥയിൽ പോലും ബെംഗ്ലൂരിനൊപ്പം ചേർന്നുനിന്നത് ഒരു കൂട്ടം ആരാധകർ മാത്രമാണ്.
അത്രയും നിഷ്കളങ്കരായ ഫാൻസിന് ഒരു കപ്പ് നൽകുക എന്നത് ടീമിന്റെ വലിയ ഉത്തരവാദിത്വമാണ്. ഈ സീസണിൽ വിരാട് കോലി നായക സ്ഥാനത്തേക്ക് തിരിച്ചെത്തിയാൽ രാജാവിന്റെ ആദ്യ നീക്കം മികച്ച ടീം വാർത്തെടുക്കുക എന്നതായിരിക്കും. നേരത്തേ തനിക്കൊപ്പം ആർസിബി യിലുണ്ടായിരുന്ന ചില മിന്നും താരങ്ങളെ കോലി തിരികെ കൊണ്ടുവരാനുള്ള നീക്കവും നടത്തുമെന്ന് ഉറപ്പാണ്.
മെഗാ ലേലത്തിൽ കോലി നോട്ടമിടാൻ ഏറ്റവുമധികം സാധ്യതയുള്ള കളിക്കാർ
കെഎൽ രാഹുൽ
ഇന്ത്യൻ സ്റ്റാർ ബാറ്ററായ കെഎൽ രാഹുലാണ് ഒന്നാം സ്ഥാനത്ത്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റൻ കൂടിയായ അദ്ദേഹം ടീം വിടാൻ തീരുമാനിച്ചു കഴിഞ്ഞു. മെഗാ ലേലത്തിൽ അതുകൊണ്ടു തന്നെ രാഹുലിനെ തീർച്ചയായും പ്രതീക്ഷിക്കാം. ആർസിബിക്ക വേണ്ടി നേരത്തേ 20 മൽസരങ്ങളിൽ രാഹുൽ കളിച്ചിട്ടുണ്ട്. 2016ൽ കോലിക്കു കീഴിൽ മികച്ച പ്രകടനവും രാഹുൽ നടത്തിയിരുന്നു.
യുവേന്ദ്ര ചഹൽ
പിന്നീട് ആർസിബി നോട്ടമിടുന്ന തുറുപ്പുചീട്ട് ഇന്ത്യയുടെ സ്റ്റാർ ലെഗ് സ്പിന്നർ യുവേന്ദ്ര ചഹലാണ്. റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിലൂടെ കരിയർ തുടങ്ങിയ താരമാണ് അദ്ദേഹം. ചഹലിനെ ലോകോത്തര സ്പിന്നർമാരിൽ ഒരാളാക്കി മാറ്റിയത് ആർസിബിയിലെ മാച്ച് വിന്നിങ് പ്രകടനങ്ങളാണ്.
ദേവ്ദത്ത് പടിക്കൽ
റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിലൂടെ കരിയറാരംഭിച്ച മറ്റൊരു താരമാണ് മറുനാടൻ മലയാളി ബാറ്ററായ ദേവ്ദത്ത് പടിക്കൽ. ആർസിബിക്കു വേണ്ടി അദ്ദേഹം അരങ്ങേറ്റം നടത്തുമ്പോൾ ടീമിന്റെ ക്യാപ്റ്റൻ വിരാട് കോലിയായിരുന്നു. ഓപ്പണറായി ഇറങ്ങി സ്ഥിരതയാർന്ന പ്രകടനങ്ങളും ദേവ്ദത്ത് കാഴ്ചവച്ചിരുന്നു.
ആരെയൊക്കെ ആർ സി ബി തിരഞ്ഞെടുക്കുമെന്ന് മെഗാ ലേലത്തോടെ വ്യക്തമാകും. ബംഗ്ലൂരുവിൻ്റെ കന്നിക്കപ്പ് ആകുമോ 2025 ലെ ഐപിഎൽ സീസണെന്നും കണ്ടറിയാം.