ബോളിവുഡിന്റെ ബാദ്ഷായ്ക്ക് ഇന്ന് അൻപത്തിയൊമ്പതാം പിറന്നാൾ. 1965 നവംബർ 2 ന് ഡൽഹിയിലാണ് ഷാരൂഖ് ഖാന്റെ ജനനം. 1980 കളിൽ ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. 1988ൽ ഫൗജി എന്ന ടെലിവിഷൻ പരമ്പരയിലെ “അഭിമന്യു റായ്” എന്ന കഥാപാത്രമാണ് ഷാരൂഖിന്റെ ജീവിതം മാറ്റിമറിച്ചത്.
1992 ൽ പുറത്തിറങ്ങിയ “ദീവാന”യാണ് ആദ്യ സിനിമ. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പുതുമുഖത്തിനുള്ള അവാർഡ് ഷാരൂഖിനെ തേടിയെത്തി. തുടർന്ന് നിരവധി സിനിമകൾ ചെയ്ത് ബോളിവുഡിന്റെ കിങ് ഖാനായി മാറിയ ഷാരൂഖിനെ തേടി 14 ഫിലിംഫെയർ അവാർഡുകളുമെത്തി. ഇതിൽ എട്ടെണ്ണവും മികച്ച നടന് ലഭിച്ചതാണെന്നതാണ് എടുത്തു പറയേണ്ട കാര്യം.
ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (1995), കുച്ച് കുച്ച് ഹോതാ ഹേ (1998), ചക് ദേ ഇന്ത്യ (2007), ഓം ശാന്തി ഓം (2007) and രബ് നേ ബനാ ദി ജോഡി (2008) തുടങ്ങിയവ ബോളിവുഡിലെ വൻ വിജയ ചിത്രങ്ങളാണ്. അതേസമയം, കഭി ഖുശി കഭി ഗം (2001), കൽ ഹോ ന ഹോ (2003), വീർ-സാരാ (2004), കഭി അൽവിദ ന കഹ്നാ (2006),മൈ നെയിം ഈസ് ഖാൻ (2010) തുടങ്ങിയവ വിദേശത്ത് വിജയിച്ച ബോളിവുഡ് ചിത്രങ്ങളാണ്.
1991ൽ മാതാപിതാക്കളുടെ മരണശേഷം ഷാരൂഖ് ഖാൻ മുംബൈയിലേക്ക് താമസം മാറ്റി. അതേ വർഷം തന്നെ കിങ് ഖാന്റെ ജീവിതത്തിൽ മറ്റൊരു സുപ്രധാന കാര്യവും നടന്നു. ഹിന്ദുവായ ഗൗരി ഖാനെ തന്റെ ജീവിത സഖിയാക്കി. രണ്ട് മതസ്ഥരാണെങ്കിലും അതൊന്നും പ്രണയത്തെയും വിവാഹ ജീവിതത്തെയും ബാധിച്ചില്ല. ആര്യൻ ഖാൻ, സുഹാന ഖാൻ, അബ്രാം ഖാൻ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. 2000 മുതൽ ഷാരൂഖ് ഖാൻ ടെലിവിഷൻ അവതരണം, സിനിമ നിർമ്മാണം എന്നിവയിലേക്കും തിരിഞ്ഞു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഡ്രീംസ് അൺലിമിറ്റഡ്, റെഡ് ചില്ലീസ് എന്റർടെയിന്മെന്റ് എന്നീ രണ്ട് സിനിമാ നിർമ്മാണ സ്ഥാപനങ്ങൾ ഉണ്ട്.
ഇന്ത്യൻ സിനിമ രംഗത്തെ അവസാനത്തെ സൂപ്പർസ്റ്റാറായാണ് ഷാരൂഖിനെ ആരാധകർ കാണുന്നത്. ഇദ്ദേഹത്തിന് ശേഷം ഇത്ര മാത്രം ആഘോഷിക്കപ്പെട്ട മറ്റൊരു താരവും ഉണ്ടായിട്ടില്ല. പല മികച്ച നടൻമാരും വന്നെങ്കിലും ഇവർക്ക് ഷാരൂഖിനെ പിന്നിലാക്കാനായില്ല. സിനിമകളുടെ വിജയപരാജയത്തിനപ്പുറമാണ് ഷാരൂഖിന്റെ താരത്തിളക്കം.