പാശ്ചാത്യരാജ്യങ്ങൾക്ക് അശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് വ്‌ളാഡിമർ പുടിനും കിം ജോങ്ങും ഒരുമിച്ച് പദ്ധതിയിടുന്നത്. റഷ്യയും ഉത്തര കൊറിയയും കൂടുതൽ അടുക്കുന്നു എന്ന സംശയവും ലോകരാജ്യങ്ങൾ ചർച്ച ചെയ്യാനും ആരംഭിച്ചു. ലോകത്തിലെ ഏറ്റവും ശക്തമായ ഭൂഖണ്ഡാനന്തര മിസൈൽ പരീക്ഷണങ്ങൾ മുതൽ കൂടുതൽ സൈനിക ശക്തി വർധിപ്പിക്കുന്നതും ഇരുവരും ചേർന്നാണ്.
ഉക്രൈനെ ലക്ഷ്യമിട്ട് റഷ്യൻ യൂണിഫോമിൽ ഉത്തര കൊറിയൻ സൈനികർ റഷ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ കർസ്‌കിലേക്ക് നീങ്ങിയിട്ടുമുണ്ട്. ലോകത്തെ ഏറ്റവും ശക്തമായ മിസൈൽ ‘ഹ്വാസോംഗ് 19 ‘ വിജയകരമായി ഉത്തര കൊറിയ പരീക്ഷിചു എന്നത് അമേരിക്കയ്ക്കുള്ള എട്ടിന്റെ പണിയുമാകും. ഇനിയെന്ത് എന്ന ആകാംക്ഷയാണ് അന്തർദേശീയ നിരീക്ഷകരിൽ നിറയുന്നത്.
ഒക്ടോബർ 31 നാണ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലായ ഹ്വാസോംഗ് 19 ഉത്തര കൊറിയ വിക്ഷേപിച്ചത്. 86 മിനിറ്റ് പറന്ന മിസൈൽ രാജ്യത്തിന്റെ കിഴക്കൻ തീരത്ത് കടലിൽ പതിച്ചു. രാജ്യത്തിന്റെ മിസൈൽ പരീക്ഷണങ്ങൾക്കിടെ ഏറ്റവും ദൂരം സഞ്ചരിച്ച മിസൈലാണിത്. 7,000 കിലോമീറ്റർ ഉയരത്തിൽ വരെയെത്തി. ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും മകളും മിസൈലിന്റെ വിക്ഷേപണം വീക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു.
ഇത് അമേരിക്കയ്ക്ക് പണിയാകും
യു.എസിലെ ഏതൊരു പ്രദേശത്തെയും ലക്ഷ്യമിടാനുള്ള ശേഷി ഹ്വാസോംഗിനുണ്ടെന്നാണ് നിലവിലവർ അവകാശപ്പെടുന്നത്. ദക്ഷിണ കൊറിയയുമായുള്ള ബന്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് യു.എൻ നിയന്ത്രണങ്ങൾ, മറികടന്ന് ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയിരിക്കുന്നത്.
അതേസമയം, യുക്രെയ്ൻ യുദ്ധമുഖത്ത് റഷ്യയ്‌ക്കൊപ്പം എണ്ണായിരത്തിലേറെ ഉത്തര കൊറിയൻ സൈനികരുമുണ്ടെന്ന യുഎസ് ആരോപണത്തിനു പിന്നാലെ, ഉത്തര കൊറിയയുടെ വിദേശകാര്യമന്ത്രി ചോം സൺ ഹുയി മോസ്‌കോയിലെത്തി, റഷ്യൻ വിദേശകാര്യമന്ത്രിയു മായി കൂടിക്കാഴ്ച നടത്തി. കൂടുതൽ ഉത്തര കൊറിയൻ സൈനികരെ യുക്രെയ്‌നിലേക്ക് അയയ്ക്കാനും പകരം റഷ്യയിൽനിന്ന് എന്തു കിട്ടുമെന്നതും സംബന്ധിച്ചായിരുന്നു ചർച്ചകൽ നടന്നതെന്ന് ദക്ഷിണ കൊറിയയുടെ ചാരസംഘടനയുടെ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഉത്തര കൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത് റഷ്യൻ മിസൈൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നുവെന്നാണ് ആരോപണം. തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കാൻ ഈ വർഷാമാദ്യം ഒപ്പിട്ട ഉഭയകക്ഷികരാറുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചയെന്ന് റഷ്യ പറഞ്ഞു. യുക്രെയ്‌നിൽ യുദ്ധം വിജയിക്കും വരെ റഷ്യയെ പിന്തുണയ്ക്കുമെന്ന് ഉത്തര കൊറിയ വിദേശകാര്യമന്ത്രിയും ഉറപ്പിച്ചു.
യുക്രെയ്ൻ അതിർത്തിയിൽ റഷ്യൻ പടയിൽ ഉത്തര കൊറിയയുടെ 8000 സൈനികരുണ്ടെന്നാണ് അമേരിക്കൻ ഭരണകൂടം പറഞ്ഞത്. ദക്ഷിണ കൊറിയയുടെ കണക്ക് 11,000 ആണെങ്കിൽ യുക്രെയ്ൻ കണക്കു പ്രകാരം റഷ്യയ്‌ക്കൊപ്പം 13,000 ഉത്തര കൊറിയൻ സൈനികരുണ്ട്. ഉത്തര കൊറിയ സമീപകാലത്തു നടത്തിയ മിസൈൽ പരീക്ഷണങ്ങളുടെ പേരിൽ ഉപരോധമേർപ്പെടുത്താനുള്ള യുഎസ് നീക്കം യുഎൻ രക്ഷാസമിതിയിൽ തടഞ്ഞത് റഷ്യയും ചൈനയും ചേർന്നായിരുന്നു.
യുക്രെയിനെതിരെ പോരാടാൻ സൈന്യത്തെ വിട്ടുനൽകുന്നതിന് പകരമായി ഉത്തര കൊറിയ റഷ്യയിൽ നിന്ന് തന്ത്രപരമായ ആണവായുധങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യയും നേടിയെടുക്കാൻ സാധ്യതയുണ്ടെന്നാണ് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി കിം യോങ് ഹ്യുൻ ഉയർത്തിയിരിക്കുന്ന വാദം. അത്തരത്തിലുള്ള ഏതൊരു നീക്കവും അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിൽ ഏറ്റവുമധികം ആണവായുധങ്ങൾ കൈവശമുള്ള റഷ്യ, കമ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയയുമായി ഉണ്ടാക്കിയ പ്രതിരോധ കരാർ അമേരിക്കൻ ചേരിയുടെ ഉറക്കമാണിപ്പോൾ കെടുത്തിയിരിക്കുന്നത്. റഷ്യയ്ക്കും ഉത്തര കൊറിയക്കും എന്ത് സുരക്ഷാ ഭീഷണി ഉണ്ടായാലും ലഭ്യമായ എല്ലാ സൈനിക സഹായവും പരസ്പരം നൽകണമെന്നതാണ് നിലവിലെ കരാർ.
1990-ൽ സോവിയറ്റ് യൂണിയൻ ദക്ഷിണ കൊറിയയുമായി നയതന്ത്രബന്ധം സ്ഥാപിച്ചപ്പോൾ റദ്ദാക്കിയിരുന്ന 1961-ലെ പ്രതിരോധ കരാറിന്റെ പുനരുജ്ജീവനമാണ് ഈ കരാർ. നിലവിൽ ദക്ഷിണ കൊറിയ അമേരിക്കൻ പക്ഷത്തും, ഉത്തരകൊറിയ റഷ്യൻ ചേരിയിലുമാണ് തുടരുന്നത്. ഉത്തരകൊറിയയിൽ നിന്നും ഭീഷണി നേരിടുന്ന ജപ്പാനും, അമേരിക്കയുടെ സഖ്യകക്ഷിയാണ്. ഇതിനെല്ലാം പുറമെ, അമേരിക്കയും ഉത്തര കൊറിയയുടെ കണ്ണിലെ കരടാണ്.
അമേരിക്ക വരെ എത്താൻ ശേഷിയുള്ള ആണവ മിസൈൽ ഉത്തര കൊറിയയുടെ കൈവശമുള്ളത് അമേരിക്കയെ സംബന്ധിച്ച് വലിയ സുരക്ഷാഭീഷണിയാണ്. അങ്ങനെയുള്ള ഉത്തര കൊറിയയാണ് റഷ്യയുമായി പ്രതിരോധ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഇനി ഉത്തര കൊറിയ അങ്ങോട്ട് പോയി പ്രകോപനം സൃഷ്ടിച്ചാൽ പോലും റഷ്യയ്ക്ക് അവരെ സൈനികമായി സഹായിക്കേണ്ടി വരും. ഉത്തരകൊറിയയെ കൂടുതൽ കരുത്തരാക്കുന്നതും കരാറിലെ ഈ വ്യവസ്ഥകൾ തന്നെയാണ്.