വരാനിരിക്കുന്ന സെവൻസ് ഫുട്ബോളിന് പുതിയ മാറ്റങ്ങൾ നൽകി ഭാരവാഹികൾ. സെവൻസിലെ നിയമങ്ങൾ ലംഘിക്കുന്ന താരങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതടക്കം നിയമാവലിയിൽ കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2024-25 സീസൺ സെവൻസ് ഫുട്ബോൾ നവംബർ പത്തിന് ആരംഭിക്കും.
മേയ് 30 വരെ ആറുമാസത്തോളം നീളുന്ന സീസണിൽ സംസ്ഥാനത്ത് 45നും 50നുമിടയിൽ ടൂർണമെന്റുകളുണ്ടാവുമെന്ന് സെവൻസ് ടൂർണമെന്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ശിക്ഷകടുക്കും
കളിക്കളത്തിലെ സംഘർഷം തടയാൻ നിയമാവലി ഭേദഗതി ചെയ്യും. മോശം കളി പുറത്തെടുത്ത് ചുവപ്പ് കാർഡ് കിട്ടി പുറത്തുപോകുന്ന കളിക്കാരെ തുടർന്നുള്ള മൂന്നുകളികളിൽ മാറ്റിനിർത്തും. നേരത്തേ ഒരു കളിയിലേ മാറ്റിനിർത്തിയിരുന്നുള്ളൂ. വിദേശ കളിക്കാരുടെ എണ്ണം ആറിൽനിന്ന് അഞ്ചാക്കി ചുരുക്കി. ഗ്രൗണ്ടിൽ മൂന്നു പേർ മാത്രമേ ഉണ്ടാവാൻ പാടുള്ളൂ. പ്രാദേശിക താരങ്ങൾക്ക് പരമാവധി അവസരം ഒരുക്കാനാണിത്. ടീമുകൾക്കുള്ള പ്രതിഫലത്തിലും വർധനയുണ്ട്.
ഒന്നാം റൗണ്ടിൽ ടീമുകൾക്കുള്ള തുക 18,000ത്തിൽനിന്ന് 19,500രൂപയായി ഉയരും പ്രീക്വാർട്ടർ 20,500, ക്വാർട്ടർ -22,000, സെമി-23,000, ഫൈനൽ 35,000 എന്നിങ്ങനെയാണ് ടീമുകൾക്കുള്ള പുതുക്കിയ തുക. റഫറിമാരുടെ വേതനവും കുട്ടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 41 ടൂർണമെറ്റുകളാണ് അരങ്ങേറിയത്.
ഇത്തവണ 51 അപേക്ഷകളാണ് അസോസിയേഷന് മുന്നിലുള്ളത്. ജില്ലയിലെ ആദ്യ ടൂർണമെന്റ് നവംബർ 14ന് മങ്കടയിൽ തുടങ്ങും, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ഒഴിച്ചുള്ള എല്ലാ ജില്ലകളിലും മാഹിയിലും നീല ഗിരി ജില്ലയിലെ പന്തല്ലൂരിലും ടൂർണമെന്റുകളുണ്ടാവും.31 രജിസ്ട്രേഡ് ക്ലബുകൾ, മൂന്ന് പ്രാദേശിക ക്ലബുകൾ എന്നിവയിലൂടെ 510 താരങ്ങൾ ടൂർണമെൻ്റുകളുടെ ഭാഗമാകും.
കുട്ടികൾക്കായി പരിശീലനകേന്ദ്രങ്ങൾ
സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രാദേശികതലത്തിൽ കുട്ടികൾക്കായി കൂടുതൽ പരിശീലന ക്യാമ്പുകൾ ഒരുക്കുമെന്ന് സെവൻസ് ടൂർണമെൻ്റ് കമ്മിറ്റി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 12 വയസ്സു മുതലുള്ള കുട്ടികളെയാണ് തിരഞ്ഞെടുക്കുക.