ന്യൂഡൽഹി : ദീപാവലിക്ക് ഭക്ഷണം വിതരണ ഓൺലൈൻ ആപ്പിലൂടെ ബിരിയാണി ഓർഡർ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് ഡെലിവറി ബോയുടെ വക വിചിത്രമായ ഒരു സന്ദേശം. ഡൽഹി സ്വദേശിക്കാണ് ഇത്തരമൊരു അനുഭവം ഉണ്ടായിരിക്കുന്നത്. ഭക്ഷണം ഡെലിവറി ചെയ്യവേ ഒടിപിയോടൊപ്പം ഒരു ഉപദേശവും കൂടെയാണ് ഇയാൾ കൈമാറിയത്. ദീപാവലി സമയത്ത് ആരെങ്കിലും മാംസം ഓർഡർ ചെയ്യുവോ എന്നായിരുന്നു ഡെലിവറി ബോയിയുടെ ചോദ്യം.
നിങ്ങൾ ചെയ്യുന്നത് ശരിയല്ല. ദീപാവലിക്ക് ശേഷം മാത്രം ചിക്കനും മട്ടനും കഴിക്കുക, അതുവരെ ശുദ്ധമായ എന്തെങ്കിലും കഴിക്കുക. എന്നായിരുന്നു ഡെലിവറി ബോയിയുടെ ഉപദേശം. തനിക്ക് നേരിട്ട ഈ വിചിത്ര അനുഭവം ഉപഭോക്താവ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെക്കയുണ്ടായി.
എനിക്ക് എന്ത് പറയാൻ കഴിയും? അയാൾ എന്തിനാണ് ഇത്രയധികം ശ്രദ്ധാലുവാകുന്നത്. “ഞാൻ എന്തുചെയ്യണം? അവൻ്റെ നമ്പറും പേരും എൻ്റെ പക്കലുണ്ട്, അയാൾക്ക് എൻ്റെ വീട് അറിയാം, ഞാൻ അയാളെ റിപ്പോർട്ട് ചെയ്താൽ അത് അയാൾ ഒരു പ്രശനമാക്കിയേക്കാമെന്ന ആശങ്കയും ഉപഭോക്താവ് രേഖപ്പെടുത്തി. ഇത് സമൂഹമാധ്യമത്തിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കി.
നിരവധി പേർ ഡെലിവറി ബോയിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിച്ചു. അയാൾ എന്തിനാ തന്റെ സ്വന്തം വിശ്വാസം നിങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് എന്ന് ഒരു ഉപയോക്താവ് പ്രതികരിച്ചു. സദാചാര പൊലീസിങാണെന്നായിരുന്നു മറ്റൊരാള്‍ പ്രതികരിച്ചത്. അതേസമയം, ആപ്പിൻ്റെ കസ്റ്റമർ കെയർ ടീമുമായി താൻ ഇക്കാര്യം പങ്കുവെച്ചതായി ഉപഭോക്താവ് അറിയിച്ചു.