മലയാള സിനിമയുടെ ചോക്ലേറ്റ് നായകന് ഇന്ന് നാല്പത്തിയെട്ടാം പിറന്നാൾ. ബാലതാരമായി ചലച്ചിത്ര ലോകത്തിലേക്ക് കാലെടുത്തു വച്ച കുഞ്ചാക്കോ ബോബൻ അനിയത്തിപ്രാവ് എന്ന സിനിമിലൂടെ ചോക്ലേറ്റ് നായകനായാണ് മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്നത്. എന്നാൽ ഒരു സമയത്ത് പ്രണയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന കുഞ്ചാക്കോ ബോബൻ ഇന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ അമൽ നീരദ് ചിത്രം ബൊഗൈൻവില്ല അതിനൊരു ഉദാഹരണം മാത്രം.
ബാലതാരമായി അരങ്ങേറ്റം
ഫാസിലിന്റെ ‘ധന്യ’യെന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് കുഞ്ചാക്കോ ബോബൻ സിനിമ ലോകത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ പിതാവും നിർമ്മാതാവുമായ ബോബൻ കുഞ്ചാക്കോയായിരുന്നു ‘ധന്യ’ നിര്‍മിച്ചത്. തുടർന്ന് കുഞ്ചാക്കോ ബോബനെ തേടി നായക കഥാപാത്രമെത്തുന്നത് 1997 ലാണ്. അനിയത്തിപ്രാവിലൂടെ കുഞ്ചാക്കോ ബോബൻ എന്ന ചോക്ലേറ്റ് ഹീറോയുടെ താരോദയമായിരുന്നു. കാരണം ആദ്യ ചിത്രം തന്നെ വമ്പൻ ഹിറ്റാക്കിയ കുഞ്ചാക്കോയെ തേടി നിരവധി പ്രണയ ചിത്രങ്ങളെത്തി.
ചോക്ലേറ്റ് ഹീറോ
അനിയത്തിപ്രാവിന് പിന്നാലെ പ്രണയ ചിത്രങ്ങൾ തേടിയെത്തിയ കുഞ്ചാക്കോ ബോബന്റെ സിനിമ ജീവിതത്തെ “നിറം” എന്ന ചിത്രം മാറ്റിമറിച്ചു. കുഞ്ചാക്കോ ബോബൻ- ശാലിനി എന്നിവരുടെ പ്രണയം ഒരിക്കൽ കൂടി ക്ലിക്കായതോടെ പുത്തൻ പ്രണയജോഡികളായി ഇരുവരെയും ആരാധകർ ഏറ്റെടുത്തു. കൂടാതെ കുഞ്ചാക്കോ ബോബന്റെ ചടുലമായ നൃത്ത രംഗങ്ങളും തീയറ്ററുകളിൽ ഓളം തീർത്തു. അങ്ങനെ കുഞ്ചാക്കോ ബോബൻ പെൺകുട്ടികളുടെ സ്വപ്‍ന ഹീറോയായി മാറി.
എന്നാൽ തുടർന്ന് കുടുംബകഥകള്‍ പ്രമേയമായ ചിത്രങ്ങൾ നടനെ തേടിയെത്തിയെങ്കിലും കുഞ്ചാക്കോ ബോബന്റെ ചോക്ലേറ്റ് ഹീറോയെന്ന പരിവേഷം അതിവേഗം മായുന്നതായിരുന്നില്ല. അതിനാൽ തന്നെ വീണ്ടും താരത്തെ തേടിയെത്തിയത് അത്തരത്തിലുള്ള ചിത്രങ്ങളായിരുന്നു. അതേസമയം, ഈ സ്‍നേഹതീരത്ത് എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രം അതിൽ നിന്നും വേറിട്ട് നിൽക്കുന്നതായിരുന്നു. ചിത്രത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‍കാരവും നടനെ തേടിയെത്തി.
പ്രണയം പൂവിട്ടപ്പോൾ
നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് പ്രിയയെ കുഞ്ചാക്കോ ബോബൻ വിവാഹം ചെയ്യുന്നത്. 2005 ലായിരുന്നു വിവാഹം. എന്നാൽ വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന താരം 2006ല്‍ കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തിൽ മാത്രം അഭിനയിച്ചു. തുടർന്ന് 2008ല്‍ ലോലിപോപ്പിലൂടെയാണ് കുഞ്ചാക്കോ ബോബൻ തിരിച്ചുവരവ് നടത്തുന്നത്. എൽസമ്മ എന്ന ആൺകുട്ടി, ട്രാഫിക്ക്, സീനിയേഴ്‍സ്, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളിലൂടെ കുഞ്ചാക്കോ ബോബൻ വീണ്ടും ട്രാക്കിലേക്ക് മടങ്ങിയെത്തി.
പ്രണയ നായകൻ ട്രാക്ക് മാറ്റിയപ്പോൾ
വീണ്ടും സിനിമയിൽ സജീവമായ കുഞ്ചാക്കോ ബോബന്റെ വേറിട്ട മുഖമായിരുന്നു തുടർന്ന് മലയാളികൾ കണ്ടത്. ചോക്ലേറ്റ് ഹീറോ എന്ന മുഖം അപ്പാടെ കുഞ്ചാക്കോ ബോബൻ വലിച്ചെറിഞ്ഞു. “അഞ്ചാം പാതിര”യിലൂടെ കുഞ്ചാക്കോ ബോബനെന്ന നടനിലെ മികവായിരുന്നു പ്രേക്ഷകർ കണ്ടത്. തുടർന്ന് നായാട്ട് എന്ന സിനിമയിലെ കഥാപാത്രം നടന്റെ താരമൂല്യം ഉയർത്തി. ഒടുവിൽ ബൊഗൈവില്ലയിലെ റോയ്‌സ് തോമസിലൂടെ പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കുകയാണ് താരം.
മലയാള സിനിമയുടെ ഭാവി വാഗ്ദാനത്തിന് മലയാളം മീഡിയ.ലൈവിന്റെ പിറന്നാൾ ആഡംസകൾ.