കേരള സാഹിത്യ അക്കാദമി: അവാർഡ് വിതരണം ചെയ്ത് ആഴ്ച്ചകൾ കഴിഞ്ഞിട്ടും സമ്മാനത്തുകയില്ല

കേരള സാഹിത്യ അക്കാദമി: അവാർഡ് വിതരണം ചെയ്ത് ആഴ്ച്ചകൾ കഴിഞ്ഞിട്ടും സമ്മാനത്തുകയില്ല

തൃശൂർ: പുരസ്‌കാരങ്ങൾ വിതരണം ചെയ്തിട്ട് ആഴ്ച്ചകൾ കഴിഞ്ഞിട്ടും പുരസ്‌കാരത്തുക നൽകാനാകാതെ കേരള സാഹിത്യ അക്കാദമി. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു അവസ്ഥയിൽ കൊണ്ടെത്തിച്ചത്. കേരള സാഹിത്യ അക്കാദമിയുടെ 2023ലെ പുരസ്‌കാരങ്ങൾ രണ്ടാഴ്ച മുമ്പാണ് അക്കാദമി ഓഡിറ്റോറിയത്തിൽവെച്ച് സമ്മാനിച്ചത്. ഓരോ പുരസ്‌കാരവും വിതരണം ചെയ്തപ്പോൾ അതിന്റെ പുരസ്‌കാരത്തുക കൃത്യമായി സാഹിത്യ അക്കാദമി സെക്രട്ടറി എടുത്തുപറയുകയും ചെയ്തിരുന്നു. എന്നാൽ തുക വൈകുമെന്ന് അന്ന് അറിയിച്ചിരുന്നില്ല.

സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം അക്കാദമിക്ക് ലഭിക്കേണ്ട ഗ്രാൻഡ് തുക വൈകുന്നതാണ് പുരസ്‌കാരത്തുക നൽകാനാവാത്തതിന്റെ കാരണമായി പറയുന്നത്. വർഷത്തിൽ മൂന്നു കോടി രൂപയാണ് സർക്കാർ സാഹിത്യ അക്കാദമിക്ക് ഗ്രാൻഡായി നൽകുന്നത്. ഇതുകൂടാതെ ലിറ്ററേച്ചർ ഫെസ്റ്റിവൽ നടത്തിപ്പിന് ഒരു കോടി രൂപയും നൽകും. കഴിഞ്ഞ വർഷം മുതലാണ് സാഹിത്യ അക്കാദമി ലിറ്ററേച്ചർ ഫെസ്റ്റിവൽ ആരംഭിച്ചത്. ലിറ്ററേച്ചർ ഫെസ്റ്റിന് ക്ഷണിച്ച് ചെന്നിട്ട് വളരെ കുറഞ്ഞ തുക നൽകി അക്കാദമി അപമാനിച്ചുവെന്ന് ആരോപിച്ച് കവി ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്തുവന്നത് ഏറെ വിവാദമായിരുന്നു.

അക്കാദമിയുടെ അവാർഡുകൾക്കും എൻഡോവ്‌മെന്റുകൾക്കും ഫെലോഷിപ്പുകൾക്കും സമ്മാനത്തുക സമയത്ത് നൽകാനാകുന്നില്ല എന്നതും ചർച്ചയായിട്ടുണ്ട്. മൂന്നര ലക്ഷത്തിലധികം രൂപയാണ് സാഹിത്യ അക്കാദമി ഓരോ വർഷവും അവാർഡുകൾക്ക് നൽകുന്നത്. പുരസ്‌കാരത്തുക ജേതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നതാണ് രീതി.

കേരളപ്പിറവിക്കുംമുൻപേ രൂപവത്കൃതമായ കേരള സാഹിത്യ അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്ര സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. അക്കാദമിയുടെ പുരസ്‌കാരവിതരണച്ചടങ്ങിനോടൊപ്പം നൽകിയിരുന്ന പുരസ്‌കാരത്തുക കഴിഞ്ഞ വർഷവും വൈകിയിരുന്നു. കഴിഞ്ഞ വർഷവും 10 ദിവസത്തോളം വൈകിയായിരുന്നു അവാർഡ് ലഭിച്ചവർക്ക് സമ്മാനത്തുക നൽകിയത്. സ്വയംഭരണ സ്ഥാപനമായ സാഹിത്യ അക്കാദമിയിലെ ജീവനക്കാർക്ക് ഇടക്ക് ശമ്പളം വൈകുന്ന അവസ്ഥയുമുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments