തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസുകാർക്ക് വിതരണം ചെയ്ത പോലീസ് മെഡലിൽ വ്യാപക അക്ഷരതെറ്റുകൾ. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ എന്ന വാചകത്തിലായിരുന്നു അക്ഷരത്തെറ്റ്. തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ഈ മെഡലുകൾ തിരിച്ചുവാങ്ങാൻ തീരുമാനമായി.
പകുതിയോളം മെഡലുകളിൽ ഈ അക്ഷരത്തെറ്റ് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ പോലസ് മെഡൽ’ എന്നായിരുന്നു ഭൂരിഭാഗം മെഡലുകളിലും അച്ചടിച്ചിരുന്നത്. അക്ഷരത്തെറ്റുകൾ അടങ്ങിയ പോലീസ് മെഡലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സേവന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള ആദരവാണ് മെഡൽ. മെഡൽ ലഭിച്ചതിന് ശേഷം പരിശോധിച്ചപ്പോഴാണ് അക്ഷരത്തെറ്റ് ശ്രദ്ധയിൽപ്പെട്ടത്. എസ്എപി ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ആയിരുന്നു മെഡലുകൾ വിതരണം ചെയ്തത്.
264 പോലീസ് ഉദ്യോഗസ്ഥർക്കായിരുന്നു മെഡൽ നൽകിയത്. മെഡലിൽ ഗുരുതര പിഴവ് കടന്നുവന്നിട്ടും. അത് കണ്ടെത്താനോ പരിഹരിക്കാനോ അധികൃതർ ശ്രമിച്ചില്ല. ഇതിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമർശനം ആണ് ഉയരുന്നത്. കേരളപ്പിറവി ദിനത്തിൽ പോലീസുകാർക്ക് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചപ്പോൾ ഈ പിഴവ് തിരിച്ചറിയാൻ പറ്റിയില്ല എന്നത് വലിയ പിഴവെന്നാതാണ് ജനസംസാരമാകാനുള്ള പ്രധാന കാരണം.