FootballSports

മെസ്സിക്ക് കിട്ടാത്ത കാൽപന്ത് അവാർഡ്! ലൌട്ടാരോ മാർട്ടിനസ് പുതിയ അവകാശി

ലോക ഫുട്‌ബോളിലെ ഒട്ടുമിക്ക നേട്ടങ്ങളും പുരസ്‌കാരങ്ങളുമെല്ലാം സ്വന്തം പേരിൽ കുറിച്ചിട്ടും അർജന്റൈൻ ഇതിഹാസമായ ലയണൽ മെസ്സിക്കു ഇപ്പോഴും ‘പിടികൊടുക്കാത്ത’ ഒരു അവാർഡുണ്ട്. ഗോൾഡൻ ഫൂട്ടെന്ന (Golden Foot) പുരസ്‌കാരം മെസ്സിക്ക് ഇപ്പോയും കിട്ടാക്കനിയാണ്. ഈ വർഷമെങ്കിലും ഈ പുരസ്‌കാരം തനിക്കു ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അർജന്റൈൻ നായകൻ.

എന്നാൽ അവാർഡ് ഒരിക്കൽക്കൂടി വഴുതിപ്പോയി. അത് കിട്ടിയതാവട്ടെ അർജൻ്റീനയുടെ യുവ താരത്തിനും. അർജന്റൈൻ ടീമിലെ സഹതാരവും യുവ സ്‌ട്രൈക്കറുമായ ലൊറ്റാറോ മാർട്ടിനസാണ് ഗോൾഡൻ ഫൂട്ടിന്റെ ഏറ്റവും പുതിയ അവകാശി. മാർട്ടിനസ് വരെ സ്വന്തമാക്കിയിട്ടും മെസ്സിക്കു മാത്രം ഈ പുരസ്‌കാരം എന്തുകൊണ്ട് ലഭിക്കുന്നില്ലെന്ന സംശയത്തിലാണ് ആരാധകർ.

ഫുട്ബോളിലെ മറ്റൊരു ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ നേരത്തേ തന്നെ ഈ അവാർഡ് കൈക്കലാക്കിയിട്ടുണ്ട്. മറ്റു പല പുരസ്‌കാരങ്ങളിലും റോണാൾഡോയെ ഓവർ ടേക്ക് ചെയ്തിട്ടുള്ള മെസ്സിക്കു പക്ഷെ ഇതു മാത്രം ഒരിക്കൽപ്പോലും സ്വന്തമാക്കാൻ ഭാഗ്യമുണ്ടായിട്ടില്ല.

എന്തുകൊണ്ട് മാർട്ടിനസ്?

ഈ വർഷത്തെ ഗോൾഡൻ ഫൂട്ട് പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട കളിക്കാരുടെ ലിസ്റ്റിൽ ലയണൽ മെസ്സിയുമുൾപ്പെട്ടിരുന്നു. മാർക്കോ വെറാറ്റി, നെയ്മർ, വിർജിൽ വാൻഡൈക്ക്, തോമസ് മുള്ളർ, ഹാരി കെയ്ൻ, കരീം ബെൻസെമ, അന്റോണിയോ ഗ്രീസ്മാൻ, ലൊറ്റാറോ മാർട്ടിനസ് എന്നിവരായിരുന്നു ലിസ്റ്റിലെ മറ്റു താരങ്ങൾ.

ഇവരിൽ നിന്നാണ് അർജന്റൈൻ സ്‌ട്രൈക്കറും ഇറ്റാലിയൻ ലീഗിൽ ഇന്റർമിലാന്റെ ഗോളടിവീരനുമായ മാർട്ടിനസ് ജേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ സീസണിൽ ദേശീയ ടീമിനും ക്ലബ്ലിനും വേണ്ടി നടത്തിയ മിന്നുന്ന പ്രകടനമാണ് താരത്തെ മുന്നിലെത്തിച്ചത്.

എന്നാൽ ഈ വർഷമെങ്കിലും ഗോൾഡൻ ഫൂട്ട് ലഭിക്കുമെന്നു പ്രതീക്ഷിച്ച മെസിക്കു വീണ്ടും നിരാശനാവേണ്ടി വന്നു. അർജന്റീനയ്‌ക്കൊപ്പം കോപ്പാ അമേരിക്ക സ്വന്തമാക്കിയ അദ്ദേഹം അമേരിക്കൻ ലീഗിൽ (MLS) ഇന്റർ മയാമിക്കു വേണ്ടിയും മികച്ച പ്രകടനമാണ് നടത്തുന്നത്. സീസണിൽ 23 മൽസരങ്ങളിൽ നിന്നും 22 ഗോളുകൾ സ്‌കോർ ചെയ്ത മെസ്സി 13 അസിസ്റ്റുകളും നൽകിയിരുന്നു.

എന്താണ് ഗോൾഡൻ ഫൂട്ട്?

ലോക ഫുട്‌ബോളിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന 27 വയസ്സോ, അതിനു മുകളിലോ പ്രായമുള്ള താരങ്ങൾക്കാണ് ഓരോ വർഷവും ഗോൾഡൻ ഫൂട്ട് പുരസ്‌കാരം നൽകുന്നത്. കരിയറിൽ ഒരു തവണ മാത്രമേ ഒരാളെ അവാർഡിനായി പരിഗണിക്കുകയുള്ളൂ.

ജേതാവായി തിരഞ്ഞെടുക്കപ്പെടുന്ന താരത്തിന്റെ കാലടയാളം പകർത്തിയെടുത്ത ശേഷം ഫ്രാൻസിലെ മൊണാക്കോയിലുള്ള ദി ചാംപ്യൻസ് പ്രൊമെനാഡെയിൽ സൂക്ഷിച്ചു വയ്ക്കുകയാണ് ചെയ്തു വരുന്നത്. 2003ലാണ് ഈ പുരസ്‌കാരത്തിനു തുടക്കമിട്ടത്.

പ്രഥമ അവാർഡ് ഇറ്റലിയുടെ മുൻ സൂപ്പർ താരം റോബർട്ടോ ബാജിയോക്കായിരുന്നു. അതിനു ശേഷം റൊണാൾഡോ, റോബർട്ടോ കാർലോസ്, റൊണാൾഡീഞ്ഞോ, അലെക്‌സാണ്ട്രെ ഡെൽപിയറോ, ആന്ദ്രെസ് ഇനിയേസ്റ്റ, ദിദിയർ ദ്രോഗ്ബ, ഐകർ കസിയസ്, ജിയാൻ ലൂയിജി ബഫൺ, ലൂക്കാ മോഡ്രിച്ച്, സാമുവൽ എറ്റു, ക്രിസ്റ്റിയാനോ റൊണാൾഡോ തുടങ്ങിയ വമ്പൻ താരങ്ങളെല്ലാം ഈ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം പോളണ്ടിന്റെയും ബാഴ്‌സലോണയുടെയും സ്‌ട്രൈക്കറായ റോബർട്ട് ലെവൻഡോസ്‌കിക്കായിരുന്നു അവാർഡ്.

Leave a Reply

Your email address will not be published. Required fields are marked *