എറണാകുളം: രാഷ്ട്രീയ തിരിച്ചടികൾ നേരിടുന്നതിനിടെ പിവി അൻവർ എംഎൽഎയ്ക്ക് വീണ്ടും പണി. അതായത് നാവികസേനയുടെ ആയുധ സംഭരണ ശാലയ്ക്കു സമീപം പിവി അൻവർ അനധികൃതമായി നിർമ്മിച്ച ഏഴു നില ഹോട്ടൽ കെട്ടിടവുമായി ബന്ധപ്പെട്ട് സുപ്രധാന ഇടപെടലാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് .
കോൺഗ്രസിനെയും സിപിഎമ്മിനേയുമെല്ലാം ആരോപണങ്ങളുന്നയിച്ച് പ്രതിരോധത്തിലാക്കാമെന്നുള്ള അടവ് പഴറ്റി പരാജയപ്പെട്ട് അതിന്റെ ക്ഷീണം മാറും മുമ്പാണ് അടുത്തത്.ഏകദേശം പിവി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഭാവി ഏറെ കുറേ തീരുമാനമായ മട്ടാണ്.
പിവി അൻവർ അനധികൃതമായി നിർമ്മിച്ചതെന്ന് ചൂണ്ടി കാണിച്ച് മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ-ഓർഡിനേറ്റും സാമൂഹിക പ്രവർത്തകനുമായ കെ.വി ഷാജിയുടെ ഹർജിയിൽ ശക്തമായൊരു നിലപാടാണ് കോടതി കൈക്കൊണ്ടിരിക്കുന്നത്. അനുമതി ഇല്ലാതെ നിർമ്മിച്ച അനധികൃത നിർമാണം പൊളിച്ചു നീക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഇതിനു മൂന്നാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് ഹൈക്കോടതി പി.വി. അൻവറിനും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും നോട്ടീസ് നൽകിയിരിക്കുന്നത്. ഇനി ഒരു അവസരം നൽകില്ലെന്നും ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് വ്യക്തമാക്കി.
നേരത്തെ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി മൂന്നാഴ്ച സമയം അനുവദിച്ചിരുന്നെങ്കിലും ഇരുവരും പാലിച്ചിരുന്നില്ല. കേസ് ഡിസംബർ മൂന്നിന് വീണ്ടും പരിഗണിക്കും. അതായത് കെട്ടിടം പൊളിക്കേണ്ടി വരും എന്ന സൂചനയാണ് ഇതിൽ നിന്ന് ഉണ്ടാകുന്നത്. അങ്ങനെയെങ്കിൽ രാഷ്ട്രീയപരമായും സാമ്പത്തികപരമായും അൻവറിന്റെ അടവുകളെല്ലാം പിഴച്ചു എന്ന് പറയേണ്ടി വരും. എന്തായാലും ഈ കേസിൽ കോടതി വിധിയിൽ അൻവറിന്റെ നടപടി നിർണായകമാണ്.
എടത്തലയിൽ നാവികസേനയുടെ ആയുധസംഭരണ ശാലക്ക് സമീപം പ്രതിരോധ ഗസറ്റ് വിജ്ഞാപന പ്രകാരം അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ച സ്ഥലത്താണ് സപ്ത നക്ഷത്ര ഹോട്ടൽ. ന്യൂഡൽഹിയിലെ കടാശ്വാസ കമ്മീഷൻ 2006 സെപ്തംബർ 18ന് നടത്തിയ ലേലത്തിലാണ് പി.വി അൻവർ മാനേജിങ് ഡയറക്ടറായ പീവീസ് റിയൽറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 99 വർഷത്തെ പാട്ടത്തിന് സപ്തനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടലിനും റിസോർട്ടിനുമായി നിർമ്മിച്ച ഏഴുനില കെട്ടിടം ഉൾപ്പെടുന്ന 11.46 ഏക്കർ ഭൂമി സ്വന്തമാക്കിയത്.
അതീവ സുരക്ഷാമേഖലയിൽ അനുമതിയില്ലാത്ത കെട്ടിടനിർമ്മാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നാവികസേന ആയുധസംഭരണശാല വർക്‌സ് മാനേജർ 2016 മാർച്ച് 14ന് എറണാകുളം കളക്ടർക്കും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും നോട്ടീസ് നൽകിയിരുന്നു.
എടത്തല പഞ്ചായത്ത് സെക്രട്ടറി സ്‌റ്റോപ് മെമ്മോ നൽകിയിട്ടും കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു. ലഹരിപാർട്ടിയടക്കം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഈ കെട്ടിടത്തിൽ നടക്കുന്നതായും ഹർജിയിൽ ആരോപിക്കുന്നു. 2018 ഡിസംബർ എട്ടിന് രാത്രി പതിനൊന്നരക്ക് ഈ കെട്ടിടത്തിൽ ആലുവ എക്‌സൈസ് സി.ഐയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തുകയും ഇവിടെ നിന്നും മദ്യമടക്കം അഞ്ചു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.