ചെന്നൈ: ദീപാവലി ദീപങ്ങളുടെ ഉത്സവമായതിനാല്‍ തന്നെ അന്ന് പടക്കം പൊട്ടിച്ച് എല്ലാവരും ആഘോഷിക്കാറുണ്ട്. പലപ്പോഴും ഈ ആഘോഷം വലിയ അപകടത്തിലേയ്ക്കും നയിക്കും. തമിഴ്‌നാട്ടില്‍ മാത്രം 150ലധികം ആളുകള്‍ക്കാണ് വിവിധ സ്ഥലm ങ്ങളില്‍ നിന്ന് അപകടത്തില്‍ പരിക്കേറ്റത്. കില്‍പ്പോക്ക് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ അഞ്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള കണക്കാണിത്. ചിലരുടെ പരിക്ക് ഗുരുതരമാണ്. എഗ്മോറിലെ ഗവണ്‍മെന്റ് ഒഫ്താല്‍മിക് ആശുപത്രിയില്‍ 75 പേര്‍ക്ക് കണ്ണിന് പരിക്കേറ്റിട്ടുണ്ട്.
സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 30 രോഗികളെ ചികിത്സയിലാണ്. കില്‍പ്പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 26 രോഗികളും നാല് കിടപ്പു രോഗികളുമാണ് ചികിത്സയിലുള്ളത്. അച്ഛന്‍ പടക്കം പൊട്ടിക്കുന്നതിനിടെ പരിക്കേറ്റ ഒരു പിഞ്ചുകുഞ്ഞിനെയും പ്രവേശിപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു. ആശുപത്രിയിലെത്തിയ ഏതൊരു രോഗിക്കും ഏറ്റ പരമാവധി പരിക്ക് 12% പൊള്ളലേറ്റതാണ്.
ഇവരില്‍ പലരെയും ഡിസ് ചാര്‍ജ് ചെയ്യുകയും ചെയ്തു. രാജീവ്ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ നാലുപേരും റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത് 16 പേരുമാണുള്ളത്. ഇത് കൂടാതെ പല സ്വകാര്യ ആശുപത്രികളിലും ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക് പുറത്ത് വന്നിട്ടില്ല.