മലയാള സിനിമ പ്രേക്ഷകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍. ചിത്രത്തിന്റെ റിലീസ് എന്നതിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ കൊടുമ്പിരി കൊണ്ട ചർച്ചകൾ നടക്കാറുണ്ട്. ഇപ്പോഴിതാ, കാത്തിരിപ്പിന് അവസാനമിട്ടുകൊണ്ട് എമ്പുരാന്റെ റിലീസ് തീയതി കേരളപ്പിറവി ദിനമായ ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
2025 മാര്‍ച്ച് 27 നാണ് ചിത്രം അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. അതേസമയം, റിലീസിന്റെ തീയതി പ്രഖ്യാപിച്ചപ്പോൾ പുറത്തുവിട്ട പോസ്റ്ററാണ് സമൂഹ മാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വെള്ള ഷർട്ടണിഞ്ഞ് മുഖം തിരിഞ്ഞു നിൽക്കുന്ന ഒരാളെയാണ് പോസ്റ്ററിൽ കാണാൻ കഴിയുക. സ്റ്റീഫൻ നെടുമ്പള്ളിയുടെ ചെറുപ്പകാലമാണോ അതോ വില്ലനാണോ എന്നാണ് ആരാധകർക്കിടയിലെ ചർച്ച.
വെള്ള നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചിരിക്കുന്നയാള്‍ മുടി പറ്റെ വെട്ടിയിട്ടുമുണ്ട്. ഫഹദ് ഫാസിൽ, സൂര്യ, രാഘവ ലോറന്‍സ്, പ്രണവ് മോഹന്‍ലാല്‍ എന്നിങ്ങനെയാണ് ആരാധകരുടെ പ്രവചനം. പോസ്റ്ററിലെ വ്യക്തിയുടെ ഷര്‍ട്ടിന് പിന്നില്‍ ആലേഖനം ചെയ്തിട്ടുള്ള വ്യാളിയുടെ ചിഹ്നത്തെച്ചൊല്ലിയും ചർച്ചകൾ കൊഴുക്കുകയാണ്. ആന്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസും ലൈക്ക പ്രൊഡക്‌ഷനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.